
ദില്ലി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള വളര്‍ച്ചയുടെ രൂപരേഖയായ എന്‍ഐപിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് സാമ്പത്തിക വളര്‍ച്ചയിലും സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജിഡിപി ശരാശരി 12.2% നിരക്കില്‍ അഞ്ച് വര്‍ഷത്തിനകം വളരുമെന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. നടപ്പുസാമ്പത്തിക വര്‍ഷം ഈ പ്രതീക്ഷകള്‍ക്ക് ഏറ്റിരിക്കുന്ന തിരിച്ചടി താത്കാലികം മാത്രമാണെന്നാണ് ധനമന്ത്രാലയത്തിന്റെ നിരീക്ഷണം. 12ശതമാനം നോമിനല്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 8% മാത്രമാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മുന്നേറ്റം. അതേസമയം 2020-21 ല്‍ 10.5% നോമിനല്‍ ജിഡിപി വളര്‍ച്ചയാണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള പണപ്പെരുപ്പ നിരക്ക് 4.5% ആകുമെന്ന് കണക്കാക്കിയാലും ഈ നേട്ടം സാധ്യമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി ആറ് ശതമാനമായിരിക്കും. 2024-25 ല്‍ ഇത് 8.5% എത്തുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു. 2025 ന് അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി വളരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ സംശയിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ക്കും വിശകലന വിദഗ്ധര്‍ക്കും മറുപടിയായാണ് സര്‍ക്കാര്‍ കണക്കുകള്‍ നിരത്തിയത്. സമ്പദ് വ്യവസ്ഥ നിലവില്‍ 3-3.5% നിരക്കിലാണ് വളരുന്നതെന്നും ഔദ്യോഗിക കണക്കായ 4.5% വിശ്വാസ്യയോഗ്യമല്ലെന്നും മുന്‍ധനമന്ത്രി പി ചിദംബരം ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ 2024-25 ല്‍ സാധ്യമാണോ എന്ന കാര്യം ഉറപ്പില്ലെന്നാണ് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ അറിയിച്ചത്.