2020-21 വിളവര്‍ഷത്തിൽ ഭക്ഷ്യധാന്യ ഉല്‍പാദന ലക്ഷ്യം 298.3 ദശലക്ഷം ടൺ; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കൂടി കണക്കിലെടുത്താണ് തീരുമാനം

April 18, 2020 |
|
News

                  2020-21 വിളവര്‍ഷത്തിൽ ഭക്ഷ്യധാന്യ ഉല്‍പാദന ലക്ഷ്യം 298.3 ദശലക്ഷം ടൺ; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കൂടി കണക്കിലെടുത്താണ് തീരുമാനം

ന്യൂഡല്‍ഹി: 2020-21 വിളവര്‍ഷത്തിലെ ഭക്ഷ്യധാന്യ ഉല്‍പാദന ലക്ഷ്യം 298.3 ദശലക്ഷം ടണ്ണായി സര്‍ക്കാര്‍ നിശ്ചയിച്ചു. നടപ്പുവര്‍ഷത്തില്‍ സ്വന്തമാക്കുമെന്ന് കരുതുന്ന റെക്കോഡ് ഉല്‍പ്പാദനത്തില്‍ നിന്ന് രണ്ട് ശതമാനം വര്‍ധനവാണ് ഇത്. സാധാരണ മണ്‍സൂണ്‍ ലഭ്യമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കൂടി കണക്കിലെടുത്താണ് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 2019-20 വിളവര്‍ഷത്തില്‍ (2019ജൂലൈ-2020 ജൂണ്‍) 291.95 ദശലക്ഷം ടണ്ണിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. 291 ദശലക്ഷം ടണ്‍ എന്ന ലക്ഷ്യത്തെ മറികടക്കുന്ന നേട്ടമാണിത്.

2020-21ല്‍ അരി ഉല്‍പ്പാദന ലക്ഷ്യം 117.5 ദശലക്ഷം ടണ്ണായാണ് നിശ്ചയിച്ചിട്ടുണ്ട്. നടപ്പ് വിളവര്‍ഷത്തില്‍ 117.47 ദശലക്ഷം ടണ്ണാണ് അരി ഉല്‍പ്പാദനം. 2019-20 വിളവര്‍ഷത്തിനു സമാനമായി 106.5 ദശലക്ഷം ടണ്ണാണ് ഗോതമ്പ് ഉല്‍പ്പാദനത്തില്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം. നാടന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദന ലക്ഷ്യം 2020-21ല്‍ 48.7 ദശലക്ഷം ടണ്ണായി ഉയര്‍ത്തിയിട്ടുണ്ട്. നടപ്പു വിളവര്‍ഷത്തില്‍ 45.24 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം ലക്ഷ്യം വെച്ച സ്ഥാനത്താണിത്.

എല്ലാ സംസ്ഥാനങ്ങളും ഖാരിഫ് ലക്ഷ്യം കൈവരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. ഖാരിഫ് (വേനല്‍ക്കാലത്ത് വിതച്ച) വിളകളെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി ഈ വര്‍ഷം സാധാരണ മണ്‍സൂണ്‍ മഴ ലഭിക്കുന്നതിനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോവിഡ് 19 പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണെങ്കിലും കാര്‍ഷിക മേഖലയ്ക്കായി ചില ഇളവുകള്‍ ലഭ്യമാക്കുകയാണെന്ന് അഗ്രിക്കള്‍ച്ചര്‍ കമ്മിഷ്ണര്‍ എസ്‌കെ മല്‍ഹോത്ര വിഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ഖാരിഫ് സീസണില്‍ 149.92 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനവും റാബി (ശീതകാല വിതച്ച) സീസണില്‍ 148.4 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനവുമാണ് ലക്ഷ്യമിടുന്നതെന്ന് മല്‍ഹോത്ര വിശദീകരിച്ചു. ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഖാരിഫ് കൃഷിക്കുള്ള തയാറെടുപ്പിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നടപടികള്‍ എടുക്കുകയും ചെയ്യുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved