മാധ്യമസ്ഥാപനങ്ങള്‍ക്ക് വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; 26 ശതമാനത്തില്‍ക്കൂടരുത്

November 16, 2020 |
|
News

                  മാധ്യമസ്ഥാപനങ്ങള്‍ക്ക് വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍;  26 ശതമാനത്തില്‍ക്കൂടരുത്

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ വാര്‍ത്താ, മാധ്യമസ്ഥാപനങ്ങള്‍ക്ക് വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. 26 ശതമാനത്തില്‍ക്കൂടുതല്‍ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍ അത് കുറയ്ക്കണം. ഒരു വര്‍ഷത്തിനകം, അതായത് ഒക്ടോബര്‍ 2021-നകം, 26 ശതമാനത്തില്‍ക്കൂടുതല്‍ എത്ര വിദേശനിക്ഷേപം സ്വീകരിച്ചോ അതെല്ലാം ഡിജിറ്റല്‍ മാധ്യമങ്ങള്‍ തിരികെ നല്‍കണം. ഇന്ത്യന്‍ പൗരന്‍മാര്‍ മാത്രമേ, ഡയറക്ടര്‍ ബോര്‍ഡിലും സിഇഒ പോലുള്ള സുപ്രധാനസ്ഥാനങ്ങളിലും നിയമിക്കപ്പെടാവൂ എന്നതുള്‍പ്പടെ സുപ്രധാനചട്ടങ്ങളടങ്ങിയ മാര്‍ഗരേഖ കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കി. അന്താരാഷ്ട്ര മാധ്യമദിനത്തിലാണ് മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളെല്ലാം ഒരു മാസത്തിനകം ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ കൃത്യമായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം. ഡയറക്ടര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ഷെയര്‍ഹോള്‍ഡേഴ്‌സ് എന്നിവ ആരെല്ലാം എന്നത് കൃത്യമായി അറിയിക്കണം. 26 ശതമാനത്തില്‍ക്കൂടുതല്‍ എത്ര ഷെയറുകള്‍ വാങ്ങി എന്നതടക്കം വിശദമായി അറിയിക്കണം. 26 ശതമാനത്തില്‍ക്കൂടുതല്‍ ഷെയറുകള്‍ വിറ്റഴിച്ചെങ്കില്‍ ആ നിക്ഷേപം കുറയ്ക്കാനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചതെന്നതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം - കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശനിക്ഷേപ പരിധി 26 ശതമാനമാക്കി ചുരുക്കിയ കേന്ദ്രമന്ത്രിസഭാതീരുമാനം വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ്, ഈ തീരുമാനം നടപ്പാക്കാനുള്ള മാര്‍ഗരേഖ പുറത്തുവരുന്നത്. വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന, സ്ട്രീം ചെയ്യുന്ന എല്ലാ വാര്‍ത്താ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. വിദേശനിക്ഷേപം സ്വീകരിക്കാനാഗ്രഹിക്കുന്ന ഒരു വാര്‍ത്താ മാധ്യമം ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഏതെങ്കിലും സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന വിദേശപൗരന്‍ 60 ദിവസത്തിലധികം ആ സ്ഥാപനത്തിനായി ജോലി ചെയ്യുന്നുണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് വാങ്ങിയിരിക്കണം. കണ്‍സള്‍ട്ടന്‍സി വഴിയോ, സ്ഥിരനിയമനമായോ, കോണ്‍ട്രാക്ട് ആയോ നിയമിതനായ ഏത് വിദേശപൗരനും ഈ നിയന്ത്രണം ബാധകമാണ്. ഇങ്ങനെ നിയമനം നടക്കുന്നതിന് മുമ്പേ സെക്യൂരിറ്റി ക്ലിയറന്‍സ് വാങ്ങിയിരിക്കണം. നിയമനം നടത്തുന്നതിന് 60 ദിവസം മുമ്പേ സെക്യൂരിറ്റി ക്ലിയറന്‍സ് വാങ്ങണമെന്നാണ് ചട്ടം പറയുന്നത്. ഈ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ നിയമനം നടത്താനും പാടില്ലെന്നും ചട്ടത്തില്‍ അനുശാസിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved