
ന്യൂഡല്‍ഹി: തന്ത്രപ്രധാന മേഖലയിലെ ഒരു പൊതുമേഖല കമ്പനി സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തൊഴില്‍ നഷ്ടം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വേണ്ട രീതിയില്‍ മാനേജ് ചെയ്യുമെന്ന് മോദി സര്‍ക്കാര്‍. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് യാതൊരു വിധ ആശങ്കകളും വേണ്ടതില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയത്.
വളരെ കൃത്യതയാര്‍ന്നതും സുതാര്യവുമായ ഓഹരി വിറ്റഴിക്കല്‍ നയമാണ് സര്‍ക്കാരിന്റേതെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. അറ്റോമിക് എനര്‍ജി, സ്‌പേസ്, ഡിഫന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, പവര്‍, പെട്രോളിയം, കോള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് തന്ത്രപ്രധാന മേഖലകളായി സര്‍ക്കാര്‍ തരംതിരിച്ചിരിക്കുന്നത്. ബാക്കിയെല്ലാം തന്ത്രപ്രധാനമല്ലാത്ത മേഖലകളാണ്.
പൊതുമേഖല കമ്പനികള്‍ സ്വകാര്യ വല്‍ക്കരണത്തിനോ തന്ത്രപരമായ വില്‍പ്പനയ്‌ക്കോ വിധേയമായാല്‍ അതുമായി ബന്ധപ്പെട്ട് യാതൊരു വിധ തൊഴില്‍ നഷ്ടവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഓഹരി വിറ്റഴിക്കല്‍ കൂടുതല്‍ നിക്ഷേപവും സാങ്കേതികവിദ്യയുടെ പെനട്രേഷനും തൊഴിലവസരങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുമെന്നാണ് തന്റെ വ്യക്തിപരമായ വിശ്വാസമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ തൊഴിലവസരങ്ങള്‍ കൂടുകയാണ് ചെയ്യുക. അല്ലാതെ തൊഴിലുകള്‍ കുറയുകയല്ല.
തന്ത്രപരമായ മേഖലകളില്‍ ഒരു കമ്പനി നടത്തുകയെന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭികാമ്യം. ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ ഉണ്ടെങ്കില്‍ ആ ബിസിനസില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടാകേണ്ട കാര്യമില്ല. ബിസിനസില്‍ സര്‍ക്കാരിന് ഇടപെടേണ്ട കാര്യമില്ല. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷം കോടി രൂപ സര്‍ക്കാരിന് ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാക്കി 75,000 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ നിന്നും.