മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

October 03, 2020 |
|
News

                  മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വലിയ ആശ്വാസം. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക.

ചെറുകിട, MSME ലോണുകള്‍ക്കും, വിദ്യാഭ്യാസ, ഭവന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, വാഹന, പ്രൊഫഷണല്‍ ലോണുകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. ''ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍, സര്‍ക്കാര്‍ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി'', എന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാര്‍ലമെന്റിന്റെ അനുമതി ഇക്കാര്യത്തില്‍ തേടുമെന്നും സത്യവാങ്മൂലം പറയുന്നു.

നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാല്‍, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സത്യവാങ്മൂലത്തില്‍ പറയുന്ന മറ്റൊരു കാര്യം മൊറട്ടോറിയം ഇളവുകള്‍ വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ ഇടപാടുകാര്‍ക്കും ഈ ആനുകൂല്യം നല്‍കണം എന്നതാണ്. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലയളവിലെ പലിശ മുഴുവനായും എഴുതിത്തള്ളാനാകില്ല. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലത്തെ പലിശ മാത്രം ഏതാണ്ട് ആറ് ലക്ഷം കോടിയോളം വരും. അത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കും. ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും സഹായിക്കാനാണ് പിഴപ്പലിശ ഒഴിവാക്കിയത്. അതിനാല്‍ രണ്ട് കോടിയില്‍ കൂടുതലുള്ള ഒരു വായ്പയ്ക്കും ഈ ആനുകൂല്യം ലഭ്യമാകില്ല.

Related Articles

© 2025 Financial Views. All Rights Reserved