
ന്യൂഡല്‍ഹി: പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന വാദവുമായി ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്. പങ്കാളികളായ ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും സാങ്കേതിക സൗകര്യം ഒരുക്കുന്ന മൂന്നാം കക്ഷി മാത്രമാണ് തങ്ങളെന്നാണ് ഡല്‍ഹി ഹൈക്കോടതിയിലെ കമ്പനിയുടെ വാദം.
യുപിഐ പേമെന്റ് സംവിധാനം പ്രകാരം എന്‍പിസിഐയാണ് പേമെന്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. ഗൂഗിള്‍ പേ വെറുമൊരു ആപ്ലിക്കേഷന്‍ ദാതാവ് മാത്രമായ മൂന്നാം കക്ഷിയാണ്. അതിനാല്‍ തന്നെ 2007 ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വാദം.
ഗൂഗിള്‍ പേ ഒരു ധന ഉപകരണമല്ല. ഒരു സിസ്റ്റം ദാതാവോ പേമെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നില്ല. ഇത് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമാണ്. ഇതൊരു സാങ്കേതിക പ്രതലം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. യുപിഐ നെറ്റ്വര്‍ക്ക് വഴി ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താനാവും. വിവിധ ബാങ്കുകളെ എന്‍പിസിഐ നിയന്ത്രിക്കുന്ന യുപിഐ സിസ്റ്റവുമായി ബന്ധിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഗൂഗിള്‍ പേയുടെ വാദം.