സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അടിയന്തിരാവസ്ഥ; രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് മുൻ​ഗണന നൽകണം: രഘുറാം രാജന്‍; കൊറോണയെ അതിജീവിക്കാൻ സർക്കാരിനുള്ള സാമ്പത്തിക നിർദേശങ്ങൾ ഇങ്ങനെ

April 07, 2020 |
|
News

                  സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അടിയന്തിരാവസ്ഥ; രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് മുൻ​ഗണന നൽകണം: രഘുറാം രാജന്‍; കൊറോണയെ അതിജീവിക്കാൻ സർക്കാരിനുള്ള സാമ്പത്തിക നിർദേശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അടിയന്തിര സാഹചര്യമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് പാവപ്പെട്ടവരുടെ കൈകളില്‍ പണമെത്തിമെത്തിക്കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആഹ്വാനം ചെയ്തു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക രം​ഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനം ക്രെഡിറ്റ് റേറ്റിംഗ് ഭീതിയില്ലാതെ ചെലവഴിക്കാന്‍ യുഎസിനേയോ യൂറോപ്പിനെയോ പോലെ ഇന്ത്യക്കാവില്ല. മാത്രമല്ല ഇപ്പോള്‍ത്തന്നെ ഗൗരവമേറിയ ധനക്കമ്മിയിലാണ് രാജ്യമുള്ളത്. ആയതിനാല്‍, ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ഇന്ത്യ ചെലവഴിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേറ്റിംഗ് കുറയുന്നതിനൊപ്പം നിക്ഷേകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് വിനിമയ നിരക്ക് കുറയുന്നതിനും ദീര്‍ഘകാല പലിശനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവിനും, ഇന്ത്യയുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ നഷ്ടത്തിനും ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷമവൃത്തത്തില്‍, പാവപ്പെട്ടവരുടെമേല്‍ പണം ചെലവാക്കുകയാണ് ഏറ്റവും യോജ്യമായ കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടച്ചുപൂട്ടല്‍ മൂലം ദീര്‍ഘകാലത്തേക്ക് തൊഴില്‍ രഹിതരാവുന്ന പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗ്ഗത്തിന് കീഴിലുള്ളവര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചുവരണം. എന്‍ജിഒകള്‍, സ്വകാര്യ മേഖല, നേരിട്ടുള്ള ധനസഹായ കൈമാറ്റം (ഡിബിറ്റി) എന്നിവയെ വരും മാസങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കണം. ഇത്തരം ഏകീകരണമില്ലായ്മ അന്യസംസ്ഥാന തൊഴിലാളികളുടെ പലായനത്തില്‍ ദൃശ്യമായി. അടച്ചുപൂട്ടല്‍ അധിക കാലത്തേക്ക് നീട്ടിക്കോണ്ടു പോകാനാവില്ല. അതിനാല്‍ രോഗബാധ കുറവുള്ള മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുനരാരംഭിക്കണമെന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നതിന് പുറമേ കൊവിഡ് 19 മഹാമാരി മൂലം രാജ്യത്ത് മോശം വായ്പകള്‍ ഉയരാന്‍ സാധ്യതയേറയാണെന്നും സര്‍ക്കാരിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കൊവിഡ് 19 പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ചേക്കാവുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംരക്ഷിക്കുന്നതിനും ജോലി ലാഭിക്കുന്നതിനുമായി ധനപരമായ ഉത്തേജക പാക്കേജുകള്‍ കൊണ്ടുവരാന്‍ നിരവധി സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതും ലോക്ക്ഡൗണും വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന രഘുറാം രാജന്‍, തൊഴിലില്ലായ്മ കൂടുന്നതിനനുസരിച്ച് ചില്ലറ വായ്പകള്‍ ഉള്‍പ്പടെ ബാങ്കിംഗ് മേഖലയില്‍ മോശം വായ്പകള്‍ വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

മൂലധന കരുതല്‍ ധനം ഉണ്ടാക്കുന്നതിനായി ധനകാര്യ സ്ഥാപന ഡിവിഡന്റ് പേയ്‌മെന്റുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2008-09 കാലയളവില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ആഘാതത്തെക്കാള്‍ വലിയ അളവില്‍ കൊവിഡ് 19 മഹാമാരി, ജോലിയേയും ബിസിനസുകളെയും ബാധിച്ചതിനാല്‍ ശക്തമായ നടപടികള്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു. നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിവും വൈദഗ്ധ്യവുമുള്ളവരുടെ പിന്തുണ സ്വീകരിക്കണമെന്നും രഘുറാം രാജന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Related Articles

© 2025 Financial Views. All Rights Reserved