
കൊച്ചി: കാര്‍ബണ്‍ നിര്‍ഗമനവും അന്തരീക്ഷ താപനവും കുറയ്ക്കാന്‍ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികള്‍ കമോഡിറ്റി ഉല്‍പാദനം കുറയ്ക്കുന്നു. ഇതോടെ ഇവയുടെ വിലയും കുതിക്കുകയാണ്. ചൈന കമോഡിറ്റി കയറ്റുമതിക്ക് നികുതിയും ഏര്‍പ്പെടുത്തി. കോവിഡ് കാലത്ത് സപ്ലൈ ചെയിന്‍ തകര്‍ന്നതിനാല്‍ കപ്പല്‍ ചരക്കുകൂലിയും കുത്തനെ കൂടിയിട്ടുണ്ട്. ഇതോടെ വൈദ്യുതി, പെട്രോളിയം, സ്റ്റീല്‍, കോപ്പര്‍, നിക്കല്‍, അലൂമിനിയം, സിങ്ക് തുടങ്ങിയ കമോഡിറ്റികള്‍ക്കെല്ലാം വില കയറി. ഹരിതനയങ്ങള്‍ കാരണമാണ് ഈ പ്രതിഭാസം എന്നതിനാല്‍ ഇതിനെ ഗ്രീന്‍ഫ്‌ലേഷന്‍ എന്നു വിളിക്കുന്നു.
കമോഡിറ്റി കമ്പനികളുടെ ഓഹരിവിലയും കുതിക്കുകയാണ്. ഇന്ത്യയിലെ ഊര്‍ജ കമ്പനികളുടെ ഓഹരി വില കുത്തനെ കൂടി. ഏറ്റവും കൂടുതല്‍ വൈദ്യുതി വില്‍പന നടത്തുന്ന ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില 733 രൂപയിലെത്തി. 2 വര്‍ഷം മുന്‍പ് 160170 രൂപയുണ്ടായിരുന്ന ഓഹരിയാണിത്. ടാറ്റ പവര്‍, ഊര്‍ജ ഗ്ലോബല്‍, ടോറന്റ് പവര്‍, ഹോണ്ട ഇന്ത്യ പവര്‍ എന്നിവയുടെയെല്ലാം ഓഹരി വില 6% മുതല്‍ 16% വരെ വര്‍ധിച്ചിട്ടുണ്ട്. തുടരുന്ന മഴയും ഊര്‍ജോല്‍പാദക കമ്പനികള്‍ കല്‍ക്കരി വാങ്ങി സ്റ്റോക്ക് ചെയ്യാത്തതും കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉല്‍പാദനം കുറയാനിടയാക്കി.
യൂണിറ്റിന് 4 രൂപ മുതല്‍ 6 രൂപ വരെയുണ്ടായിരുന്ന വൈദ്യുതി 1416 രൂപ വരെയെത്തിയത് അങ്ങനെയാണ്. പക്ഷേ ഉത്തരേന്ത്യയില്‍ ശീതകാലം എത്തിയതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞ് വിലയിലും ഇടിവുണ്ടായി. ഫോസില്‍ ഇന്ധനങ്ങളുടെ കാലം കഴിഞ്ഞെന്ന ധാരണമൂലം അടുത്ത കാലത്ത് ഈ രംഗത്തു പുതിയ നിക്ഷേപങ്ങള്‍ മരവിച്ചിരുന്നു. പക്ഷേ കോവിഡ് കാലം കഴിഞ്ഞപ്പോള്‍ കുതിച്ചുയര്‍ന്ന വാഹന ഉപയോഗം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ആവശ്യം കൂട്ടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 85 ഡോളറിലെത്തുകയും ചെയ്തു. 90 ഡോളറിലെത്തുമെന്നാണു ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തല്‍.