
ദില്ലി: കൊള്ളലാഭം കൊയ്യാന്‍ ശ്രമിച്ച കുറ്റത്തിന് നെസ്‌ലേയ്ക്ക് 90 കോടി പിഴചുമത്തി നാഷനല്‍ ആന്റി പ്രൊഫിറ്റീറിങ് അതോറിറ്റി. ജിഎസ്ടി നിരക്ക് കുറഞ്ഞപ്പോള്‍ പ്രൊഡക്ടുകളുടെ വില നിര്‍ണയത്തിന് നെസ്‌ലേ കണ്ടെത്തിയ മാര്‍ഗം കൊള്ളലാഭം കൊയ്യുന്നതിന് വേണ്ടിയാണെന്നാണ് കണ്ടെത്തിയത്. ആനുകൂല്യങ്ങള്‍ മുതലെടുക്കാനായി നെസ്‌ലേ സ്വീകരിച്ച രീതിയാണ് വിനയായത്. നെസ്ലേയുടെ ഈ മെത്തഡോളജി യുക്തിയില്ലാത്തതും നിയമവിരുദ്ധവും അനിയന്ത്രിതവുമാണെന്ന് എന്‍എഎ ആരോപിച്ചു. ചില കാറ്റഗറികളില്‍ സ്റ്റോക്ക് കീപ്പിങ് സെക്ടറില്‍ ജിഎസ്ടി റേറ്റ് കുറച്ചതിന്റെ ഗുണഫലം ആവശ്യത്തില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റ് ചിലതില്‍ തീരെ ഏര്‍പ്പെടുത്തിയിരുന്നില്ല.
ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും എന്‍എഎയുടെ ഉത്തരവ് പറയുന്നത്. നികുതി നിരക്ക് കുറയ്ക്കുന്നതിന്‍രെ ഗുണഫലം അടിസ്ഥാനപരമായി ഉപഭോക്താവിന് ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന തരത്തിലായിരിക്കണമെന്നും ഉത്തരവ് പറയുന്നു. തങ്ങള്‍ ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നതായും എന്‍എഎ ഉത്തരവ് പഠിച്ചശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നികുതി കുറച്ചതിന്റെ മെച്ചം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ സ്വീകരിച്ച മാര്‍ഗം എന്‍എഎ അംഗീകരിക്കാത്തതില്‍ ഖേദമുണ്ടെന്നും കമ്പനി പറഞ്ഞു.