
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടി വരുമാനം സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. സെപ്റ്റംബര്‍ മാസത്തെ ആകെ ജിഎസ്ടി വരുമാനം 95,480 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുളള ഏറ്റവും ഉയര്‍ന്ന മാസ വരുമാനമാണിത്. മുന്‍ വര്‍ഷത്തെ സമാനമാസത്തെ വരുമാനത്തില്‍ നിന്നും നാല് ശതമാനം വര്‍ധനയാണ് 2020 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബറില്‍ ചരക്ക് ഇറക്കുമതിയില്‍ നിന്ന് പിരിച്ച നികുതി 102 ശതമാനവും ആഭ്യന്തര ഇടപാടില്‍ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 105 ശതമാനമായിരുന്നു. 2020 സെപ്റ്റംബര്‍ മാസത്തില്‍ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 95,480 കോടി രൂപയാണ്, അതില്‍ സെന്‍ട്രല്‍ ജിഎസ്ടി 17,741 കോടി രൂപ, സംസ്ഥാന ജിഎസ്ടി 23,131 കോടി രൂപ, ഇന്റഗ്രേറ്റഡ് ജിഎസ്ടി 47,484 കോടി രൂപ (22,442 കോടി രൂപ ചരക്ക് ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ചു) സെസ് 7,124 കോടി രൂപയുമാണ്. ഇതില്‍ 788 കോടി രൂപ ചരക്ക് ഇറക്കുമതിയില്‍ നിന്ന് നേടിയെടുത്തതാണ്.
ഏപ്രിലിലെ വരുമാനം 32,172 കോടി രൂപ, മെയ് (രൂപ 62,151 കോടി), ജൂണ്‍ (90,917 കോടി രൂപ), ജൂലൈ (87,422 കോടി രൂപ), ഓഗസ്റ്റ് (രൂപ 86,449 കോടി) എന്നിങ്ങനെയായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തെ മുന്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനം.