
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന 1.58 ലക്ഷം കോടിയിലും അധികമായിരിക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍. കേരളത്തിന്റെ ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലിന് പുറമെ പഞ്ചാബിലെയും ഛത്തീസ്ഗഡിലെയും ധനമന്ത്രിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേക യോഗവും ചേരും.
സംസ്ഥാനങ്ങള്‍ക്കുള്ള നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഎസ്ടി നഷ്ടപരിഹാരം 2.69 ലക്ഷം കോടിയെന്നാണ് കേന്ദ്രം കണക്കാക്കിയത്. ഇതില്‍ 1.11 ലക്ഷം കോടി രൂപ ആഡംബര വസ്തുക്കളുടെയും മറ്റും നികുതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ നല്‍കും. ബാക്കിയുള്ള 1.58 ലക്ഷം കോടി കടമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം എന്ന് കണക്കാക്കിയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1.10 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കടമെടുത്ത് നല്‍കിയിരുന്നു. കൊവിഡ് സെസ് ഏര്‍പ്പെടുത്തി 68700 കോടി രൂപ കൂടി നല്‍കി.
കേരളത്തിന് 4077 കോടിയാണ് ജിഎസ്ടി നഷ്ടപരിഹാര കുടിശികയുള്ളത്. വരുമാനത്തില്‍ വാഗ്ദാനം ചെയ്ത 14 ശതമാനം വളര്‍ച്ച കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഏഴ് ശതമാനം വരുമാന വളര്‍ച്ചയെന്ന കേന്ദ്ര നിലപാട് യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് 28 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വരുമാനത്തിലുണ്ടായ ഇടിവും 2022 ന് ശേഷമുള്ള ജിഎസ്ടി നഷ്ടപരിഹാരവുമായിരുന്നു മുഖ്യ അജണ്ട. എല്ലാ സംസ്ഥാനങ്ങളും 20 മുതല്‍ 50 ശതമാനം വരെ വരുമാന ഇടിവ് നേരിടുന്നുണ്ടെന്ന് പഞ്ചാബിലെ ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു. എല്ലാ പാദവാര്‍ഷിക കാലത്തും ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യം വിശദമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചാബിന് മാത്രം ജിഎസ്ടി നഷ്ടുപരിഹാരത്തില്‍ 5000 കോടിയുടെ കുറവാണ് ഏപ്രില്‍ മാസത്തിലുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യോഗത്തില്‍ ഒരേ ശബ്ദത്തില്‍ ജിഎസ്ടി നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന ആവശ്യം രേഖപ്പെടുത്തിയെന്നും ബാദല്‍ പിടിഐയോട് പറഞ്ഞു.