
ന്യൂഡല്‍ഹി: 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്രസര്‍ക്കാര്‍ ആറായിരം കോടി രൂപ കടമെടുത്ത് കൈമാറി. ജിഎസ്ടി നഷ്ടപരിഹാരമായാണ് തുക കൈമാറുന്നത്. ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവയ്ക്കാണ് തുക കൈമാറിയത്.
5.19 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആറായിരം കോടി രൂപ വീതം ആഴ്ചതോറും സംസ്ഥാനങ്ങളിലേക്ക് കൈമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയിലേക്കാണ് വായ്പയെടുക്കുന്നത്.
2020 - 2021 കാലയളവിലെ ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ പ്രത്യേക വായ്പയെടുക്കല്‍ ജാലകം ആവിഷ്‌കരിച്ചത്. 21 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ധനമന്ത്രാലയം ഏകോപിപ്പിച്ച് നടപ്പാക്കുന്ന വായ്പയെടുക്കല്‍ പ്രത്യേക വിന്‍ഡോ പദ്ധതി തെരഞ്ഞെടുത്തത്.