ജിഎസ്ടി കൗണ്‍സില്‍: നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടുന്നു; സംയോജിത ജിഎസ്ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപ

October 06, 2020 |
|
News

                  ജിഎസ്ടി കൗണ്‍സില്‍: നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടുന്നു; സംയോജിത ജിഎസ്ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപ

നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായ തീരുമാനമണിതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, വരുമാന നഷ്ടം പരിഹരിക്കാനുളള നടപടികള്‍ പൂര്‍ത്തിയാകും വരെയായിരിക്കും ഇത്. തിങ്കളാഴ്ച നടന്ന കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിച്ച 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്തര്‍ സംസ്ഥാന ഇടപാടുകളുടേതായ സംയോജിത ജിഎസ്ടി ഇനത്തില്‍ 2017 -18 ല്‍ കുറവ് വിഹിതം ലഭിച്ച സംസ്ഥാനങ്ങള്‍ക്കായി മൊത്തം 24,000 കോടി രൂപ അടുത്തയാഴ്ച വിതരണം ചെയ്യും. കേരളത്തിന് ഈ ഇനത്തില്‍ ഏകദേശം 800 കോടി രൂപ ലഭിക്കും.

ഉപാധികളില്ലാതെയുളള കടമെടുപ്പ് പരിധിയും ഉയര്‍ത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിബന്ധനകളോടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുളള രണ്ട് ശതമാനം അധിക വായ്പയില്‍ നിന്നുളള ഉപാധികളില്ലാതെ വായ്പയെടുക്കാന്‍ കഴിയുന്ന പരിധി ഒരു ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി.

അഞ്ച് കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുളളവര്‍ അടുത്ത ജനുവരി ഒന്ന് മുതല്‍ പ്രതിമാസ റിട്ടേണ്‍ നല്‍കേണ്ട. ഈ വിഭാ?ഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ഇനി മുതല്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി. എന്നാല്‍, ഇവര്‍ എല്ലാ മാസവും നികുതി വരുമാനം അടയ്ക്കണം. ആദ്യ രണ്ട് മാസം അടയ്‌ക്കേണ്ടത് മുന്‍പത്തെ മൂന്ന് മാസം അടച്ച തുകയുടെ 35 ശതമാനമായിരിക്കും.

നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ അടയ്ക്കുന്നവര്‍, നാലാം മാസം 13 തീയതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും (ജിഎസ്ടിആര്‍ -1 പ്രകാരം). ജനുവരി ഒന്ന് മുതല്‍ റീഫണ്ട് പാന്‍, ആധാര്‍ എന്നിവയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാകും കൈമാറുക. ആള്‍ക്കഹോള്‍ ചേര്‍ക്കാത്ത ഹാന്‍ഡ് സാനിറ്റൈസറിന് നികുതി നിരക്കില്‍ മാറ്റം വരുത്തേണ്ടന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഉല്‍പ്പന്നത്തിന് 18 ശതമാനം ജിഎസ്ടി തുടരും.

Related Articles

© 2025 Financial Views. All Rights Reserved