
ന്യൂഡല്‍ഹി: ഇന്നലെ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന 43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്തത് സുപ്രധാന തീരുമാനങ്ങള്‍. കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ജിഎസ്ടി വിഷയമാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തതെന്ന് അധ്യക്ഷത വഹിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ജിഎസ്ടി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം ആഗസ്റ്റ് 31 വരെയാണ് ഈ ഇളവ്. ജിഎസ്ടി ഒഴിവാക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
പുതിയ മന്ത്രിതല സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ സമിതി കൊറോണ അനുബന്ധ കാര്യങ്ങളില്‍ നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ച് പഠിക്കും. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂണ്‍ എട്ടിന് മുമ്പായി സമര്‍പ്പിക്കുന്ന മന്ത്രിതല സമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും. കൊറോണ വസ്തുക്കള്‍ക്ക് മാത്രമല്ല, ബ്ലാക്ക് ഫംഗസ് രോഗവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കള്‍ക്കും ഇളവ് നല്‍കാന്‍ തീരുമാനിച്ചു. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. ചില സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസ് വലിയ വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവ് നല്‍കും. രണ്ട് കൊറോണ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് 4500 കോടി രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ വാക്സിന്‍ നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു. വരും മാസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത ജൂലൈയില്‍ ജിഎസ്ടി യോഗം ചേരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്ന് അംഗങ്ങളെ നിര്‍മല സീതാരമന്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നതിന് 1.58 ലക്ഷം കോടി രൂപ കേന്ദ്രം കടം വാങ്ങുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.