ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വില വര്‍ധിച്ചേക്കും

December 31, 2021 |
|
News

                  ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്;  ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വില വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന്  മുന്നോടിയായി ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അടിയന്തരമായി  വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍  വിഗ്യാന്‍ ഭവനിലാണ് ചേരുക. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണിത്.  ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി ജിഎസ്ടി കൗണ്‍സില്‍ പുനഃപരിശോധിച്ചേക്കുമെന്നാണ് വിവരം.

ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി പുതുവര്‍ഷമായ നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് ജിഎസ്ടി കൗണ്‍സില്‍ ചേരുന്നത്. നികുതി 12 ശതമാനമായി  വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.  വര്‍ദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാല്‍ പുതിയ നിരക്ക് ഇ ൗ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം. തുണിത്തരങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രിമാരുടെ യോഗത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ജിഎസ്ടി വര്‍ധന നടപ്പായാല്‍ നാളെ മുതല്‍ വില കൂടും. അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിലവര്‍ധന ഒഴിവാക്കാനാണ് ആലോചന. അതിനാല്‍ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കൗണ്‍സില്‍ യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved