
ന്യൂഡല്‍ഹി: മണിക്കൂറുകളോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍, പ്രതിപക്ഷ സംസ്ഥാനങ്ങള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ കേന്ദ്രത്തിന് ആദ്യമായി തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തേണ്ടി വന്നു. ഇന്നലെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ സുപ്രധാന നീക്കമുണ്ടായത്. എട്ട് മണിക്കൂറോളം നീണ്ട യോഗം എങ്ങുമെങ്ങും എത്താതെ നീണ്ടതോടെ ഫിനാന്‍സ് സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെയുടെ ക്ഷമ നശിച്ചു. 'മീറ്റിങ് അവസാനിച്ചു. കടമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തിന് കേന്ദ്രം സഹായകരമായ നിലപാടെടുക്കും. യോഗം അവസാനിച്ചു.'-ഇങ്ങനെ പറഞ്ഞാണ് പാണ്ഡെ യോഗം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇരിക്കുന്ന കാര്യം അവഗണിച്ച് കൊണ്ട്, ചര്‍ച്ച അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം പാണ്ഡെ നടത്തിയതില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് അതൃപ്തി പറഞ്ഞു.
പക്ഷെ കേന്ദ്രം അപ്പോഴേക്കും ഒരു നിലപാടിലെത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ട ആ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് നിലപാട് മയപ്പെടുത്തേണ്ടി വന്നു. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. ജിഎസ്ടി വരുമാനത്തിലുണ്ടാവുന്ന ഇടിവ് ഉയര്‍ത്തിക്കാട്ടി 1.38 ലക്ഷം കോടി രൂപ നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്ന് ഏതുവിധേനയും പിന്‍വലിയാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയായത്.
കേരളവും ബംഗാളും പഞ്ചാബും അതിശക്തമായി കേന്ദ്ര നിലപാടിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പിന് പുറമെ കാറിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സെസ് 2022 ജൂണ്‍ മാസം വരെ നീട്ടാനും കേന്ദ്രം തയ്യാറായി. ഈ സെസ് കൊവിഡിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടത്തിന് പകരമായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും. എന്നാല്‍ ഈ സെസ് നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ലെന്നായിരുന്നു നേരത്തെ കേന്ദ്രം സ്വീകരിച്ച നിലപാട്.
നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന ഇടപാടുകളുടേതായ സംയോജിത ജിഎസ്ടി ഇനത്തില്‍ 2017 -18 ല്‍ കുറവ് വിഹിതം ലഭിച്ച സംസ്ഥാനങ്ങള്‍ക്കായി മൊത്തം 24,000 കോടി രൂപ അടുത്തയാഴ്ച വിതരണം ചെയ്യും. കേരളത്തിന് ഈ ഇനത്തില്‍ ഏകദേശം 800 കോടി രൂപ ലഭിക്കും. ഉപാധികളില്ലാതെയുളള കടമെടുപ്പ് പരിധിയും ഉയര്‍ത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിബന്ധനകളോടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുളള രണ്ട് ശതമാനം അധിക വായ്പയില്‍ നിന്നുളള ഉപാധികളില്ലാതെ വായ്പയെടുക്കാന്‍ കഴിയുന്ന പരിധി ഒരു ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി.
അഞ്ച് കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുളളവര്‍ അടുത്ത ജനുവരി ഒന്ന് മുതല്‍ പ്രതിമാസ റിട്ടേണ്‍ നല്‍കേണ്ട. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ഇനി മുതല്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി. എന്നാല്‍, ഇവര്‍ എല്ലാ മാസവും നികുതി വരുമാനം അടയ്ക്കണം. ആദ്യ രണ്ട് മാസം അടയ്ക്കേണ്ടത് മുന്‍പത്തെ മൂന്ന് മാസം അടച്ച തുകയുടെ 35 ശതമാനമായിരിക്കും.
നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ അടയ്ക്കുന്നവര്‍, നാലാം മാസം 13 തീയതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും (ജിഎസ്ടിആര്‍ -1 പ്രകാരം). ജനുവരി ഒന്ന് മുതല്‍ റീഫണ്ട് പാന്‍, ആധാര്‍ എന്നിവയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാകും കൈമാറുക. ആള്‍ക്കഹോള്‍ ചേര്‍ക്കാത്ത ഹാന്‍ഡ് സാനിറ്റൈസറിന് നികുതി നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഉല്‍പ്പന്നത്തിന് 18 ശതമാനം ജിഎസ്ടി തുടരും.