
ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ നാല്പതാമത് യോഗം ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ നടക്കും. വീഡിയോ കോണ്‍ഫന്‍സ് വഴിയാണ് യോഗം നടക്കുക. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം അടച്ചിട്ടതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടം, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും.
നഷ്ടപരിഹാരത്തിലെ കുറവ് നികത്തണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചയുണ്ടാവുമെന്നാണ് സൂചനകള്‍. വ്യാപാര നഷ്ടം വലുതാണെങ്കിലും വലിയ തോതിലുള്ള നികുതി ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുമാനം വര്‍ധിപ്പിക്കുന്നതിന് പുകയില, കാര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് കോവിഡ് സെസ് ഏര്‍പ്പെടുത്തുന്നതും അത് ദീര്‍ഘ കാലത്തേക്ക് തുടരുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് പരിഗണിക്കും. ഇതിനോടകം തന്നെ പല സംസ്ഥാനങ്ങളും മദ്യത്തിന് നികുതി 75 ശതമാനം വരെ വര്‍ധിപ്പിച്ച് കഴിഞ്ഞു. നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കാനും സാധ്യതയുള്ളതായി വിവരമുണ്ട്.