സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രാ ആനുകൂല്യങ്ങള്‍ക്ക് പകരം ക്യാഷ് വൗച്ചറുകള്‍; സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിതമായി 12,000 കോടി രൂപ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി നിര്‍മ്മല സീതാരാമന്‍

October 12, 2020 |
|
News

                  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രാ ആനുകൂല്യങ്ങള്‍ക്ക് പകരം ക്യാഷ് വൗച്ചറുകള്‍;  സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിതമായി 12,000 കോടി രൂപ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി നിര്‍മ്മല സീതാരാമന്‍

അവധിക്കാല യാത്രാ ഇളവ് (എല്‍ടിസി) നിരക്കിന് പകരമായി ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്യാഷ് വൗച്ചറുകള്‍ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 12 ശതമാനം അല്ലെങ്കില്‍ കൂടുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ആകര്‍ഷിക്കുന്ന ഇനങ്ങള്‍ ജീവനക്കാര്‍ക്ക് വാങ്ങാമെന്ന് സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത ഔട്ട്ലെറ്റുകളില്‍ നിന്ന് ഡിജിറ്റല്‍ മോഡില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക. കൊവിഡ് -19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി ഉപഭോക്തൃ ആവശ്യകത ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഓരോ നാല് വര്‍ഷത്തിലും, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഏത് സ്ഥലങ്ങളിലേയ്ക്കും സ്വന്തം ജന്മനാട്ടിലേക്ക് പോകുന്നതിന് എല്‍ടിസി ലഭിക്കും. എന്നാല്‍ കൊറോണക്കാലത്ത് യാത്രകള്‍ സാധിക്കാത്തതിനാല്‍ ക്യാഷ് വൗച്ചറുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ സംഭാവന പ്രോത്സാഹിപ്പിക്കുക എന്നതാണ് എല്‍ടിസി വൗച്ചര്‍ പദ്ധതിയുടെ ലക്ഷ്യം.

എല്‍ടിസി വൗച്ചര്‍ പദ്ധതി 28,000 കോടി രൂപയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4 വര്‍ഷത്തെ ഇടവേളകളില്‍ എല്‍ടിസി ലഭിക്കും. ശമ്പള സ്‌കെയില്‍ അനുസരിച്ച് വിമാന അല്ലെങ്കില്‍ റെയില്‍ നിരക്കുകള്‍ക്ക് ഈ ഇളവ് ഉപയോഗിക്കാം. 10 ദിവസത്തെ ലീവ് എന്‍കാഷ്‌മെന്റും ലഭിക്കും. കേന്ദ്ര സര്‍ക്കാരും കേന്ദ്ര പിഎസ്ഇ, പിഎസ്ബി ജീവനക്കാരും സമ്പദ്വ്യവസ്ഥയിലെ ഡിമാന്‍ഡ് ഇന്‍ഫ്യൂഷനിലേയ്ക്ക് ഏകദേശം 19,000 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിമാന്‍ഡ് ഇന്‍ഫ്യൂഷന്‍ 9,000 കോടി രൂപയാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി വൗച്ചര്‍ നല്‍കാന്‍ സര്‍ക്കാരിന് 5,675 കോടി രൂപ ചെലവാകും. പിഎസ്ബികളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ഈ പദ്ധതി അനുവദിക്കുമെന്നും അവര്‍ക്ക് 1,900 കോടി രൂപ ചെലവാകുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിലവില്‍ എല്‍ടിസിക്ക് അര്‍ഹതയുള്ള സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ മേഖല ജീവനക്കാര്‍ക്കും നികുതി ഇളവ് അനുവദിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും. ആളുകള്‍ യാത്ര ചെയ്യാത്തതിനാല്‍ എല്‍ടിസി എന്‍കാഷ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് പദ്ധതി അവതരിപ്പിക്കുന്നത്. ഇതിനായുളള പേയ്‌മെന്റ് നികുതി രഹിതമായി തുടരും, ഇത് 2021 മാര്‍ച്ച് 31 ന് മുമ്പ് ചെയ്യേണ്ടതാണ്. മൂന്ന് ഘടകങ്ങള്‍ അടങ്ങിയ, മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപയുടെ 50 വര്‍ഷത്തെ വായ്പ വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.

എട്ട് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് 200 കോടി വീതം നല്‍കും, 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഉപഭോക്തൃ ചെലവുകളും മൂലധനച്ചെലവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ന് പ്രഖ്യാപിച്ച നടപടികളിലൂടെ 2021 മാര്‍ച്ച് 31 നകം 73,000 കോടി രൂപയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. റോഡുകള്‍, പ്രതിരോധ ഇന്‍ഫ്ര, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റ് ചെയ്ത 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി സര്‍ക്കാര്‍ ചെലവാക്കും.

Related Articles

© 2025 Financial Views. All Rights Reserved