
സാമ്പത്തിക ഉണര്‍വിന്റെ സൂചനകളോടെ ജൂണില്‍ പുരോഗതിയിലെത്തിയ ജിഎസ്ടി സമാഹരണം ജൂലൈയില്‍ താഴ്ന്നതിന്റെ ആഘാതത്തില്‍ കേന്ദ, സംസ്ഥാന ധനമന്ത്രാലയങ്ങള്‍. മുന്‍ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 14 ശതമാനം ഇടിവുമായി 87,422 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ മൊത്തം ജിഎസ്ടി വരുമാനം.
ജൂണില്‍ 90917 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ഏപ്രിലില്‍ 32294 കോടി രൂപയും മേയില്‍ 62009 കോടി രൂപയുമാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി മൂലം ഏപ്രിലില്‍ ലഭിച്ചത് 2019 ഏപ്രിലിന്റെ 28 ശതമാനം മാത്രമാണ്. മേയില്‍ 2019 മേയുടെ 62 ശതമാനവും. ലോക്ഡൗണ്‍ കാലത്ത് മരവിച്ച ജിഎസ്ടി സമാഹരണത്തിന്റെ കുടിശിക കൂടി ഉള്‍പ്പെട്ടതാകാം ജൂണിലെ പുരോഗതിക്കു കാരണമെന്ന് നികുതി രംഗത്തെ വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ മാസത്തെ സമാഹരണത്തില്‍ 16147 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. സംസ്ഥാന ജി.എസ്.ടിയായി 21418 കോടി രൂപ ലഭിച്ചു. 42592 കോടി രൂപ സംയോജിത ജി.എസ്.ടിയായും സെസ് ഇനത്തില്‍ 7265 കോടി രൂപയും കേന്ദ്രം സമാഹരിച്ചു.പ്രതിമാസം ഒരുലക്ഷം കോടി രൂപയില്‍ കുറയാത്ത സമാഹരണം നടത്തുകയായിരുന്നു ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കേന്ദ്രം ഉദ്ദേശിച്ചത്.കോവിഡ് പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്ന് ബിസിനസ് മേഖല പ്രതീക്ഷിച്ച വേഗത്തില്‍ കര കയറുന്നില്ലെന്നതിന്റെ സൂചനയാണ് ജി.എസ്.ടി സമാഹരണത്തിലെ താഴ്ചയിലൂടെ പുറത്തുവരുന്നതെന്ന നിഗമനം വിദഗ്ധര്‍ പങ്കു വയ്ക്കുന്നു.