ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് എസ്ബിഐ

March 23, 2022 |
|
News

                  ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് എസ്ബിഐ

ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ വേണമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. നിലവില്‍ 18 ശതമാനം നിരക്കിലാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് നികുതി ഇടാക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച കേവലം 4.2 ശതമാനം മാത്രമായിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി തിരിച്ചടിയാവും എന്നാണ് എസ്ബിഐ റിസര്‍ച്ചിന്റെ വിലയിരുത്തല്‍.

രാജ്യത്തെ പരമാവധി ആളുകളെ ഇന്‍ഷുറന്‍സ് മേഖല ഉള്‍ക്കൊള്ളണം. കോവിഡ് ഏല്‍പ്പിച്ച ആഘാതം നിലനില്‍ക്കെ, ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്താന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുത്തിട്ട് 20 വര്‍ഷമായി. അമ്പതോളം സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുണ്ട്. എന്നിട്ടും മേഖല പ്രതീക്ഷിച്ച രീതിയില്‍ വളരുന്നില്ല. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് മേഖലയുടെ നാളുകളായുള്ള ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

എല്ലാ മേഖലകളിലും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തുന്നില്ല. ഈ വിടവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മഹാന്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്ളവരെ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷ ഭീമ യോജന തുടങ്ങിയവയുടെ കീഴില്‍ ഇന്‍ഷുറന്‍സ് നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. കോവിഡ്, ഇന്‍ഷുറന്‍സിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ 28.5 ശതമാനം വര്‍ധിച്ച് 26,301 കോടി രൂപയിലെത്തിയിരുന്നു.

Read more topics: # ജിഎസ്ടി, # GST, # SBI,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved