
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം വരുമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിരക്കില്‍ പരിഷ്‌കരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരണം കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
നിലവിലുള്ള ജിഎസ്ടി സ്ലാബില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ 12 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനമായി നികുതി വര്‍ധിപ്പിക്കാനുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. 5 ശതമാനം 12 ശതമാനം നികുതി സ്ലാബുകള്‍ ഇല്ലാതാക്കാനാണ് നിര്‍ദ്ദേശം. ജിഎസ്ടി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്രസര്‍ക്കാറിന് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ആരംഭിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നികുതി വര്‍ധനവിലൂടെ ഒരുക്ഷം കോടി രൂപയുടെ വരുമാന നേട്ടമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചാല്‍ റെസ്റ്റോറന്റ് നിരക്കുകള്‍ ഉയരും. ലോട്ടറി, ഹോട്ടല്‍ മുറി, വിമാന യാത്ര, എസി ട്രെയിന്‍ യാത്ര, പാംഓയില്‍, ഒലീവ് ഓയില്‍, പിസ, ബ്രഡ്, സില്‍ക് നിരക്കുകള്‍ കൂടും. മൊബൈല്‍ ഫോണിനും വില വര്‍ധിക്കാനും സാധ്യത യുണ്ട്.
അതേസമയം നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജിഎസ്ടി സമഹാഹരണം 1.03 ലക്ഷം കോടി രൂപയിലേക്ക് കടന്നു. 2018 നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത്. 2018 നവംബര്‍ മാസത്തില്‍ ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 97,637 കോടി രൂപയായിരുന്നു. അതേസമയം 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം ഏദേശം 95,380 കോടി രൂപയായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയിട്ടും കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ ജിഎസ്ടിയിലൂടെ വരുമാന നേട്ടം കൊയ്യാന്‍ സാധ്യംമാകുന്നില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരുന്നു അത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.