
പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി വോട്ടിങ് നടത്താനുള്ള ശ്രമം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. ജൂണ്‍ 9 മുതല്‍ 12 വരെയാണ് എഎംസി വോട്ടിങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. അടുത്ത വാദം കേള്‍ക്കാനായി കേസ് ജൂണ്‍ 12 ലേയ്ക്കു മാറ്റി.
ഗുജറാത്തിലെ പ്രമുഖ നിക്ഷേപ സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തനം നിര്‍ത്തുന്നതിനു മുമ്പ് നിക്ഷേപകരെ അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ഇവര്‍ ഹര്‍ജി നല്‍കിയത്. സെബിയുടെ നിര്‍ദേശങ്ങള്‍ ഫണ്ട് കമ്പനി പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിയ ഏപ്രില്‍ 23ലെ എന്‍എവി പ്രകാരം നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കുക. പണം തിരിച്ചു കൊടുക്കുന്നതു വരെ പ്രവര്‍ത്തനം പ്രത്യേക സംവിധാനത്തിനു കീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. കോടതിയുടെ ഉത്തരവ് ഹര്‍ജിക്കാര്‍ക്ക് മാത്രമല്ല എല്ലാ നിക്ഷേപകര്‍ക്കും ബാധകമാകും.
നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനെയും ഡിലോയ്റ്റിനെയും സഹായികളായി നിയമിച്ചതിന് അനുമതി തേടിയാണ് ഫ്രാങ്ക്ളിന്‍ വോട്ടിങ് നടത്താന്‍ തീരുമാനിച്ചത്. മറ്റൊരു കേസില്‍ മദ്രാസ് ഹൈക്കോടതിയും ഫണ്ട് കമ്പനി, സെബി എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക ഓഡിറ്റിനായി സെബി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ചോക്സി ആന്‍ഡ് ചോക്സിയെ ഇതിനകം നിയമിച്ചിട്ടുണ്ട്.