
തിരുപ്പൂര്‍: വസ്ത്ര നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയില്‍. പരുത്തി നൂലിന്റെ വില കുത്തനെ ഉയര്‍ന്നതിനാല്‍ വസ്ത്ര നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. നൂല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു വസ്ത്ര നിര്‍മാതാക്കള്‍ കഴിഞ്ഞ 15നു ഫാക്ടറികള്‍ അടച്ചു പ്രതിഷേധിച്ചിരുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സൗത്ത് ഇന്ത്യ ഹൊസിയറി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ നൂല്‍ മില്ലുകള്‍ക്കു നിവേദനം നല്‍കിയിരുന്നു. എന്നാല്‍, എല്ലാ മാസവും ഒന്നാം തീയതി വിലവിവരപ്പട്ടിക പുറത്തുവിടുന്ന പതിവു കൂടി തെറ്റിച്ചാണ് ഇത്തവണ വില കുത്തനെ കൂട്ടിയിരിക്കുന്നത്.
നമ്പര്‍ 40 നൂലിനു കിലോഗ്രാമിന് 30 മുതല്‍ 50 രൂപ വരെയും നമ്പര്‍ 10, 34 എന്നിവയ്ക്കു കിലോഗ്രാമിന് 20 രൂപയും നമ്പര്‍ 60നു കിലോഗ്രാമിന് 40 രൂപയുമാണ് ഉയര്‍ന്നിരിക്കുന്നത്. നൂലിന്റെ ആവശ്യം വര്‍ധിച്ചതനുസരിച്ച് ഉല്‍പാദനം കൂട്ടാന്‍ മില്ലുകള്‍ തയാറാകാത്തതാണു വില വര്‍ധിക്കാന്‍ കാരണമെന്നു തിരുപ്പൂര്‍ എക്‌സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. വസ്ത്ര നിര്‍മാതാക്കള്‍ക്കു വലിയ തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയിട്ടും നൂല്‍ ഉല്‍പാദനം 80 ശതമാനമായി തുടരുന്നതാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു ടിഇഎ പറയുന്നു.
അസംസ്‌കൃത വസ്തുവായ പഞ്ഞിയുടെ വില വര്‍ധിക്കാത്ത സാഹചര്യത്തിലും നൂല്‍ വില വര്‍ധിച്ചു വരുന്നത് ഉല്‍പാദന മേഖലയെ സാരമായി ബാധിച്ചു. ഇതുവരെ ഒരു കിലോഗ്രാം നൂലിന് 92 രൂപ വര്‍ധിച്ചു. ഇതു തുടര്‍ന്നാല്‍ തിരുപ്പൂര്‍, ഈറോഡ്, കരൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വസ്ത്ര നിര്‍മാതാക്കള്‍ വീണ്ടും പണിമുടക്കാന്‍ നിര്‍ബന്ധിതരാകുമെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്സ് ആന്‍ഡ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പറഞ്ഞു.