
സൂറത്ത് : ഗുജറാത്തിലെ വജ്ര നിര്‍മ്മാണ-വിപണി മേഖലയില്‍ 60,000ല്‍ അധികം ആളുകള്‍ക്ക് ജോലി നഷ്ടമാകുകയും കുറച്ച് പേര്‍ ആത്മഹത്യ ചെയ്തവെന്നും റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആത്മഹത്യ ഇനിയും വര്‍ധിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഗുജറാത്തിലെ ചെറുതും വലുതുമായ 15,000 വജ്ര നിര്‍മ്മാണ മേഖലയില്‍ ഏഴ് ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. സൂറത്തിലെ ആറ് ലക്ഷം ആളുകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു.
3500 ഡയമണ്ട് ഫാക്ടറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം അടക്കമുള്ള കാര്യങ്ങള്‍ ഈ മേഖലയേയും തളര്‍ത്തുകയും തൊഴിലാളികളെ പിരിച്ച് വിടേണ്ട അവസ്ഥ വരെ ഉണ്ടാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗുജറാത്തിലെ 60,000ല്‍ അധികം വജ്ര നിര്‍മ്മാണ തൊഴിലാളികളാണ് ജോലിയില്ലാതെ നില്‍ക്കുന്നത്. മാത്രമല്ല ഇതില്‍ 13,000 ആളുകളും സൂറത്തില്‍ നിന്നുള്ളവരാണ്.
2017ലെ ദീപാവലിയ്ക്ക് ശേഷം ഇവിടെ പ്രവര്‍ത്തിച്ചിരുന്ന 40 ശതമാനം വജ്ര നിര്‍മ്മാണ ശാലകളും പൂട്ടിയിരുന്നു. 2018ല്‍ ജോലി നഷ്ടമായതിന് പിന്നാലെ 10 പേരാണ് ആത്മഹത്യ ചെയ്തതെന്ന് ഗുജറാത്ത് ഡയമണ്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. വജ്ര വ്യാപാരം വര്‍ധിപ്പിക്കുന്നതിന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ മൂന്നു ദിനം നീണ്ട എക്‌സിബിഷന്‍ ആഗസ്റ്റില്‍ നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കകം 900 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.