ജിസിസി രാജ്യങ്ങളിലെ ധനക്കമ്മി കുറയും; മൊത്തം ധനക്കമ്മിയുടെ 60 ശതമാനവും സൗദി അറേബ്യയുടേത്

May 27, 2021 |
|
News

                  ജിസിസി രാജ്യങ്ങളിലെ ധനക്കമ്മി കുറയും; മൊത്തം ധനക്കമ്മിയുടെ 60 ശതമാനവും സൗദി അറേബ്യയുടേത്

റിയാദ്: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും എണ്ണവില ഉയരുകയും സര്‍ക്കാര്‍ ചിലവിടല്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ വായ്പ ആവശ്യങ്ങള്‍ ഈ വര്‍ഷം കുത്തനെ കുറയുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. മേഖലയിലെ സര്‍ക്കാരുകളുടെ കമ്മി ഈ വര്‍ഷം ജിഡിപിയുടെ അഞ്ച് ശതമാനം അല്ലെങ്കില്‍ 80 ബില്യണ്‍ ഡോളറായി മാറും. കഴിഞ്ഞ വര്‍ഷം ഇത് ജിഡിപിയുടെ 10 ശതമാനം അല്ലെങ്കില്‍ 143 ബില്യണ്‍ ഡോളറായിരുന്നു.   

ജിസിസിയിലെ ആറ് രാഷ്ട്രങ്ങളില്‍ 2021നും 2024നും ഇടയില്‍ പ്രതീക്ഷിക്കപ്പെടുന്ന മൊത്തത്തിലുള്ള ധനക്കമ്മിയായ 355 ബില്യണ്‍ ഡോളറിന്റെ 60 ശതമാനവും സൗദി അറേബ്യയുടേത് ആയിരിക്കും. ബാക്കിയുള്ള ധനക്കമ്മിയുടെ 25 ശതമാനം കുവൈറ്റിന്റേതും 7 ശതമാനം യുഎഇയുടേതും ആയിരിക്കും. ഈ വര്‍ഷം ജിസിസിയില്‍ ഏറ്റവും കൂടുതല്‍ ധനക്കമ്മി രേഖപ്പെടുത്തുക കുവൈറ്റിലായിരിക്കും, ജിഡിപിയുടെ 20 ശതമാനം. ബഹ്റൈന്‍ , യുഎഇ എന്നീ രാജ്യങ്ങളില്‍ ജിഡിപിയുടെ ആറ് ശതമാനവും സൗദി അറേബ്യയില്‍ ജിഡിപിയുടെ അഞ്ച് ശതമാനവും ഒമാനില്‍ ജിഡിപിയുടെ 4 ശതമാനവും ഖത്തറില്‍ ഒരു ശതമാനവും വീതം കമ്മി രേഖപ്പെടുത്തും, പുതിയ റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി വ്യക്തമാക്കി. ഓരോ രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ ധനക്കമ്മി സംബന്ധിച്ച നിഗമനങ്ങള്‍ മാത്രമാണിത്. മേഖലയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളെയോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയോ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.   

ബാരലിന് വില ശരാശരി 42 ഡോളറിലെത്തി എണ്ണവില  കുത്തനെ കുറഞ്ഞിട്ടും, ബാരലിന് 44 ഡോളര്‍ ശരാശരി വില രേഖപ്പെടുത്തിയ 2016ല്‍ രേഖപ്പെടുത്തിയ ധനക്കമ്മിയേക്കാള്‍ കുറവ് ധനക്കമ്മിയാണ് ജിസിസി 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത്. പെട്ടന്നുള്ള ഉത്തേജന നടപടികളും കൂടുതല്‍ ഫണ്ടിംഗ് സ്രോതസ്സുകളുടെ ലഭ്യതയുമാണ് മെച്ചപ്പെട്ട സാമ്പത്തിക പ്രകടനത്തിന് രാജ്യങ്ങളെ സഹായിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കി വാറ്റ് സംവിധാനം കമ്മി കുറയ്ക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് ഏറെ സഹായകമായി. മൊത്തത്തില്‍ 70 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളാണ് 2020ല്‍ ജിസിസി രാജ്യങ്ങള്‍ പുറത്തിറക്കിയത്. 2016ല്‍ ഇത് 90 ബില്യണ്‍ ഡോളറിന്റേതും 2017ല്‍ നൂറ് ബില്യണ്‍ ഡോളറിന്റേതും ആയിരുന്നുവെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി. 2021നും 2024നും ഇടയില്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളുടെ മൂല്യം ശരാശരി 50 ബില്യണ്‍ ഡോളറിനടുത്ത് ആയിരിക്കുമെന്നും എസ് ആന്‍ഡ് പി പ്രവചിച്ചു.

Related Articles

© 2024 Financial Views. All Rights Reserved