
ദുബായ്: ആറംഗ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം തന്നെ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് റോയിട്ടേഴ്സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്. അതേസമയം മുമ്പ് കരുതിയതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഗള്‍ഫിലെ പകുതിയോളം രാജ്യങ്ങളില്‍ വളര്‍ച്ചയുണ്ടാകുന്നതെന്നും പാദാടിസ്ഥാനത്തിലുള്ള സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ അടിയേറ്റ എണ്ണ സമ്പന്നമായ ഗള്‍ഫ് മേഖലയിലെ സമ്പദ് വ്യവസ്ഥകളില്‍ കാര്യമായ വളര്‍ച്ചയുണ്ടാകുമെന്നാണ് ഏപ്രില്‍ എട്ട് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടന്ന സര്‍വ്വേയില്‍ റോയിട്ടേഴ്സിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. മുന്‍ അനുമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബഹ്റൈന്റെയും യുഎഇയുടെയും (നേരിയ തോതില്‍) വളര്‍ച്ചാ നിഗമനം ഉയര്‍ത്തിയെങ്കിലും പുതിയ റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്സ് സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തി. ഖത്തറിന്റെ വളര്‍ച്ച നിഗമനത്തില്‍ മാറ്റമില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി അറേബ്യ ഈ വര്‍ഷം 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇത് 2.8 ശതമാനമായിരുന്നു. 2022ലും 2023ലും സൗദി യഥാക്രമം 3.3 ശതമാനം, 3.0 ശതമാനം വീതം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് യഥാക്രമം 3.2 ശതമാനവും 3.1 ശതമാനവും ആയിരുന്നു.എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന വിഷന്‍ 2030യുടെ ഭാഗമായുള്ള ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ സൗദി പുരോഗതി നേടിയിട്ടുണ്ടെങ്കിലും, ഉദ്യോഗസ്ഥമേധാവിത്വം, സുതാര്യതക്കുറവ്, കാര്യശേഷിക്കുറവ് എന്നിവ സ്വകാര്യ മേഖലയുടെ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്ക്ക് വിഘാതമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റെര്‍നാഷണല്‍ ഫിനാന്‍സ് (ഐഐഎഫ്) കഴിഞ്ഞിടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.