
കഴിഞ്ഞ ആറുമാസത്തിനിടെ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് സ്‌കീമില്‍ സംരംഭം തുടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്തത് 4897 പ്രവാസി മലയാളികള്‍. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ വര്‍ഷം 1043 പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്തവണ അയ്യായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തത്.
അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ആയിരത്തില്‍ കുറവു പേരാണ് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍കാലങ്ങളില്‍ ടാക്സി പോലുള്ള സേവന മേഖലകളിലാണ് കൂടുതല്‍ പ്രവാസികളും സംരംഭം തുടങ്ങാന്‍ താല്‍പ്പര്യപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ സ്ഥിതി മാറി. റസ്റ്റൊറന്റുകള്‍, സ്നാക്ക് ഷോപ്പ്, വര്‍ക്ക് ഷോപ്പ്, ഓയ്ല്‍ മില്‍, മസാല പൗഡര്‍ യൂണിറ്റുകള്‍, സ്പോര്‍ട്സ് ഹബ്ബുകള്‍, ജിംനേഷ്യന്‍, ഫാം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ സംരംഭം തുടങ്ങുന്നു.
ഈ പദ്ധതി പ്രകാരം നേരത്തെ 30 ലക്ഷം രൂപ വരെ വായ്പ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരാള്‍ക്ക് 50 ലക്ഷം വരെ ലഭ്യമാകുന്നുണ്ട്. ഇതിനുള്ള സബ്സിഡി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ബജറ്റില്‍ ഇതിനായി 18 കോടി രൂപ നീക്കി വെക്കുകയും ചെയ്തിരുന്നു. അത് 40 കോടി രൂപയാക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 18 ലേറെ ധനകാര്യ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ വായ്പ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണയില്‍ ഏത്തിയിട്ടുള്ളത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി നോര്‍ക്കയും 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാനുള്ള കരാറില്‍ എത്തിയിട്ടുണ്ട്.