നികുതി ഉയര്‍ത്താന്‍ വിമുഖത; ഒരു പതിറ്റാണ്ട് കൂടി ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയെ ആശ്രയിക്കേണ്ടി വരുമെന്ന് മൂഡീസ്

June 22, 2021 |
|
News

                  നികുതി ഉയര്‍ത്താന്‍ വിമുഖത;  ഒരു പതിറ്റാണ്ട് കൂടി ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയെ ആശ്രയിക്കേണ്ടി വരുമെന്ന് മൂഡീസ്

ദുബായ്: നികുതി ഉയര്‍ത്താനുള്ള വിമുഖത മൂലം കുറഞ്ഞത് ഒരു പതിറ്റാണ്ട് കൂടി വരുമാനത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയെ ആശ്രയിക്കേണ്ടി വരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണയിലുള്ള ആശ്രിതത്വം തുടരാനുള്ള ഒരു കാരണം നികുതി വര്‍ധിപ്പിക്കാനുള്ള അവരുടെ മടിയാണെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. ഇപ്പോള്‍ നടക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ യജ്ഞങ്ങള്‍ക്കിടയിലും എണ്ണയിലുള്ള ആശ്രിതത്വം ഗള്‍ഫ് രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിന് വിനയാകുമെന്ന് മൂഡീസ് നിരീക്ഷിച്ചു. 

എണ്ണയ്ക്കപ്പുറത്തുള്ള സാമ്പത്തിക വൈവിധ്യവല്‍ക്കരണം ഗള്‍ഫ് മേഖലയുടെ മുഖ്യനയമാണെങ്കിലും വര്‍ഷങ്ങള്‍ കൊണ്ടുമാത്രമേ ആ ലക്ഷ്യത്തിലെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുകയുള്ളുവെന്ന് മൂഡീസിലെ മുതിര്‍ന്ന അനലിസ്റ്റും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തിയുമായ അലക്സാണ്ടര്‍ പെര്‍ജെസ്സി പറഞ്ഞു. എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികളും പൂജ്യം അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നികുതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മൂലം വരുംവര്‍ഷങ്ങളില്‍ മേഖലയുടെ എണ്ണയിലുള്ള വര്‍ധിച്ച ആശ്രിതത്വം കുറയുമെന്ന് കരുതാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ(ജിഡിപി) അഞ്ചിലൊന്ന് എണ്ണ, വാതക മേഖലകളില്‍ നിന്നാണ്. മാത്രമല്ല ആകെ കയറ്റുമതിയുടെ 65 ശതമാനവും സര്‍ക്കാര്‍ വരുമാനത്തിന്റെ 50 ശതമാനവും ഇന്ധന മേഖലയില്‍ നിന്നാണ്. വരുമാന സ്രോതസ്സുകള്‍ വിപുലപ്പെടുത്താനുള്ള വമ്പന്‍ പദ്ധതികള്‍ക്കിടയിലും 2014 മുതല്‍ ആരംഭിച്ച സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ വളരെ ചെറിയ പ്രതിഫലനങ്ങള്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളുവെന്നും എണ്ണവിലത്തകര്‍ച്ച അത്തരം പദ്ധതികളെ പിന്നോട്ട് വലിച്ചെന്നും മൂഡീസ് നിരീക്ഷിച്ചു. വൈവിധ്യവല്‍ക്കര ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകുമെങ്കിലും, മെഗാ പ്രോജക്ടുകള്‍ ഫണ്ട് ചെയ്യുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യതക്കുറവും ചില മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ തന്നെയുള്ള മത്സരവും അത്തരം ശ്രമങ്ങളുടെ ശക്തി ക്ഷയിപ്പിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ആദായ നികുതി, റോയല്‍റ്റി, ദേശീയ എണ്ണക്കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം എന്നീ പേരുകളില്‍ ഖജനാവിലേക്ക് വന്നെത്തുന്ന എണ്ണ വരുമാനമാണ് മേഖലയിലുടനീളമുള്ള സര്‍ക്കാരുകളുടെ വരുമാനത്തിന്റെ സിംഹഭാഗവും.

Read more topics: # Moody’s, # മൂഡീസ്,

Related Articles

© 2025 Financial Views. All Rights Reserved