
ഡല്‍ഹി: ഇന്ത്യയിലെ ടെക്കികള്‍ക്ക് അമേരിക്കയിലേക്കുള്ള വര്‍ക്ക് വിസ ലഭിക്കുന്നതില്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഐടി കയറ്റുമതിയിലെ വമ്പന്മാരായ കമ്പനികള്‍ പലതും ആശങ്കയിലാണ്. ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഭീമനായ ടാറ്റാ കണ്‍സല്‍ട്ടന്‍സി, എച്ച്‌സിഎല്‍ ടെക്ക്‌നോളജീസ്, വിപ്രോ എന്നീ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച വര്‍ക്ക് വിസാ അപേക്ഷകളില്‍ പകുതിയും അമേരിക്ക നിഷേധിച്ചിരുന്നു. ടിഎസിഎസിന്റെ വിസ 37 ശതമാനത്തോളം നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടും ഇതിനു പിന്നാലെ പുറത്ത് വന്നിരുന്നു.
ഇന്‍ഫോസിസിന് ഇത് 57 ശതമാനമാണ്. എച്ച്‌സിഎല്ലിന് ഇത് 43 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാര്‍ക്കുള്ള എച്ച്1 ബി വിസയ്ക്ക് പരിധിയേര്‍പ്പെടുത്താന്‍ യു.എസ്. ആലോചിക്കുന്നുവെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് വന്നിരുന്നു. വര്‍ഷം ആകെ അനുവദിക്കുന്ന വിസയുടെ 10 മുതല്‍ 15 ശതമാനംവരെമാത്രം ഇന്ത്യക്കാര്‍ക്ക് അനുവദിക്കാനാണ് നീക്കം. ഇപ്പോള്‍ യു.എസ്. വര്‍ഷം അനുവദിക്കുന്ന 85,000 എച്ച്1 ബി വിസയില്‍ 70 ശതമാനത്തോളം ഇന്ത്യക്കാരാണ് കരസ്ഥമാക്കുന്നത്. യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ദിവസങ്ങള്‍മാത്രം ശേഷിക്കേയാണ് ഈ നീക്കം.
വിദേശകമ്പനികള്‍ വിവരശേഖരം പ്രവര്‍ത്തിക്കുന്ന രാജ്യത്തുതന്നെ സൂക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്ന രാജ്യങ്ങള്‍ക്കുള്ള എച്ച്1 ബി വിസ പരിധി കുറയ്ക്കുന്നതിനാണ് ട്രംപ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍ അവയുടെ വിവരശേഖരം ഇവിടെത്തന്നെ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം ഉത്തരവിറക്കിയിരുന്നു. അവയ്ക്ക് ഇവിടെ സെര്‍വറുകള്‍ സ്ഥാപിക്കാന്‍ ആറുമാസം അനുവദിക്കുകയും ചെയ്തു. വിദേശകമ്പനികളെ റിസര്‍വ് ബാങ്കിനു തടസ്സമില്ലാതെ നിരീക്ഷിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.