എച്ച് 1 ബി വിസയിലെത്തുന്നവര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ ഏജന്‍സി ജോലിയില്ല; ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചു

August 04, 2020 |
|
News

                  എച്ച് 1 ബി വിസയിലെത്തുന്നവര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ ഏജന്‍സി ജോലിയില്ല; ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചു

എച്ച് 1 ബി വിസയിലെത്തുന്നവരെ അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സി ജോലികളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചു. അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മോഹമാണ് ഇതോടെ കരിഞ്ഞത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കിയിരിക്കുകയാണ്്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്.കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷങ്ങളായി  എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചിട്ടും ട്രംപ്  അയഞ്ഞില്ല.

എച്ച് -1 ബി വിസ നിയന്ത്രണം ഞങ്ങള്‍ അന്തിമമാക്കുകയാണ്. അതിനാല്‍ ഒരു അമേരിക്കന്‍ തൊഴിലാളിയെയും വീണ്ടും മാറ്റി സ്ഥാപിക്കരുത്. ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ എച്ച് -1 ബി ഉപയോഗിച്ച് അമേരിക്കന്‍ പ്രതിഭകള്‍ക്ക് നിഷേധിക്കുന്നതു നിര്‍ത്തണം- പ്രസിഡന്റ് പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചുള്ള ഉത്തരവ് ജൂണ്‍ 23 നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ വിസയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യന്‍ ഐടി കമ്പനികളുടെയല്ലാം ഓഹരി വില ഇന്ന് താഴുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved