
ന്യൂദല്‍ഹി: എല്‍സിഎ നിര്‍മാണത്തിന്റെ 35% ശതമാനവും സ്വകാര്യമേഖലയില്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ എച്ച്എഎല്‍ പദ്ധതിയിടുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള ഏറ്റവും വലിയ ഇടപാടായ 38000 കോടിരൂപയുടെ കരാറിന്റെ പ്രധാനഭാഗമാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. രാജ്യത്തെ മുന്‍നിര എയ്‌റോനോട്ടിക്കല്‍ സ്ഥാപനമായ എച്ച്എഎല്ലിന് 83 എല്‍സിഎ എംകെ 1എ ഫൈറ്റര്‍ നിര്‍മിക്കാനുള്ള കരാറാണ് ലഭിക്കുക. ഇതിന് ആവശ്യമായ റഡാര്‍,സെന്‍സര്‍,തദ്ദേശിയ ആയുധങ്ങള്‍ എന്നിവയ്‌ക്കൊപ്പം വാര്‍ഷിക ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയും വേണം. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനകം എല്‍സിഎ നിര്‍മാണത്തിന്റെ 35%ത്തോളം സ്വകാര്യമേഖലയില്‍ ഔട്ട്‌സോഴ്‌സ് ചെയ്യും.
ഫൈറ്ററിന്റെ ചട്ടക്കൂടിനുള്ള ഭൂരിഭാഗം ഘടകങ്ങളും എച്ച്എഎല്ലിന്റെ നാല് വെണ്ടര്‍മാരായ ലാര്‍സന്‍ ആന്റ് ടര്‍ബോ,ഡൈനമാറ്റിക്‌സ്,വെം ടെക്‌നോളജീസ്,ആല്‍ഫാ ഡിസൈന്‍സ് എന്നിവര്‍ക്ക് നല്‍കാനാണ് തീരുമാനമെന്ന് എച്ച്എഎല്‍ ചെയര്‍മാന്‍ ആര്‍ മാധവന്‍ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ മറ്റ് വെണ്ടര്‍മാരും പദ്ധതിയിലുണ്ടാകുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. എച്ച്എഎല്ലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ശേഷി ഇരട്ടിപ്പിച്ച് ഓരോ വര്‍ഷവും പതിനാറ് ഫൈറ്റര്‍ ജെറ്റുകള്‍ വീതം നിര്‍മിക്കാനും പദ്ധതിയിടുന്നു. ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് ഉല്‍പ്പാദനം വീണ്ടും കൂട്ടാനാണ് തീരുമാനമെന്നും മാധവന്‍ വ്യക്തമാക്കി.