
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നടക്കം എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് അതിഥി തൊഴിലാളികള്‍ മടങ്ങിപ്പോയതോടെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ അതീവ ഗുരുതരമായ നിലയില്‍. രാജ്യത്തെ 47 ജില്ലകളിലെ 5000 വീടുകളില്‍ നടത്തിയ സര്‍വേയില്‍ വളരെ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്.
ടാറ്റാ ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത സര്‍വേ 12 സംസ്ഥാനങ്ങളിലാണ് നടത്തിയത്. വിവിധ സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ ട്രാന്‍സ്‌ഫോര്‍മിങ് റൂറല്‍ ഇന്ത്യ ഫൗണ്ടേഷനാണ് സര്‍വേ നടത്തിയത്. ഭക്ഷ്യ സുരക്ഷയിലടക്കം വലിയ വെല്ലുവിളികളാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. മെയ് രണ്ടിന് അവസാനിച്ച സര്‍വേയില്‍ വട്ടിപ്പലിശക്കാരുടെ പക്കല്‍ നിന്ന് പണം വാങ്ങുന്നത് വര്‍ധിച്ചെന്നതടക്കം ചൂണ്ടിക്കാണിക്കുന്നു. സര്‍വേയിലെ കണ്ടെത്തലുകള്‍ വലിയൊരു പ്രതിസന്ധിയുടെ ആദ്യസൂചനകള്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍.
മഴ പെയ്യാന്‍ ജൂലൈ- ഓഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ഭക്ഷണം കഴിക്കുന്നത് കുറച്ചുവെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും പറഞ്ഞു. മാര്‍ച്ച് 24 ന് മുന്‍പ് കഴിച്ച അത്രയും ആഹാരം ഇപ്പോള്‍ കഴിക്കുന്നില്ല. വലിയൊരു ശതമാനം ഗ്രാമങ്ങളും അയല്‍ ഗ്രാമങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്.
അത്യാവശ്യ ചെലവുകള്‍ മറികടക്കാന്‍ പലരും കന്നുകാലികളെ വിറ്റു. പ്രതിസന്ധി നീണ്ടാല്‍ ഭൂമിയും കാര്‍ഷികോപകരണങ്ങളും വരെ വില്‍ക്കേണ്ട സ്ഥിതിയിലാവും ഇവരെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കൂട്ടത്തില്‍ ഒരു വിഭാഗം പ്രതിസന്ധി കാലം മറികടക്കാന്‍ പ്രാദേശിക പലിശക്കാരില്‍ നിന്നും ഭൂമി ഈടായി നല്‍കി പണം കടം വാങ്ങിയെന്നും സര്‍വേ കണ്ടെത്തി.