
കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ റെക്കോര്‍ഡ് നഷ്ടമാക്കി സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ട്. സ്‌കൈട്രാക്സ് ആന്വല്‍ റിപ്പോര്‍ട്ടിലെ ലോകത്തെ തന്നെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയിലാണ് ചാംഗി എയര്‍പോര്‍ട്ട് ഒന്നാം സ്ഥാനത്തു നിന്നും മൂന്നിലേക്ക് താഴ്ന്നത്. ഖത്തറിലെ ദോഹ-ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് ഇത്തവണ കിരീട ജേതാവ്. സ്വപ്നസമാനമായ അത്യാധുനിക സൗകര്യങ്ങളോടൊപ്പം മനം കവരുന്ന അകത്തളങ്ങളും ഹമദ് എയര്‍പോര്‍ട്ടിനെ ഇത്തവണ ഒന്നാമതെത്തിച്ചു.
ചാംഗി എയര്‍പോര്‍ട്ട് അതിന്റെ മാസ്മരികത കൊണ്ട് ഏറെ വര്‍ഷക്കാലമായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നതാണ്. എന്നാല്‍ ചാംഗിയെയും മറി കടന്ന ദോഹ എയര്‍പോര്‍ട്ടിലേക്ക് ഉറ്റു നോക്കുകയാണ് ഇപ്പോള്‍ യാത്രികര്‍. പൊതുജനങ്ങളുടെ വോട്ടില്‍ നിന്നുമാണ് സ്‌കൈട്രാക്സ് മികച്ച വിമാനത്താവളങ്ങളെ കണ്ടെത്തുന്നത്. കോവിഡ് പ്രതിസന്ധി വോട്ടിംഗിനെ ബാധിച്ചെങ്കിലും മികച്ച പ്രതികരണം തന്നെ നേടാനായി. മാറുന്ന കോവിഡ് സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന വിമാനത്താവളങ്ങളിലേക്കാണ് ജനങ്ങളുടെ വോട്ടും ചെന്നെത്തിയിട്ടുണ്ടാകുക എന്നാണ് സ്‌കൈട്രാക്സിന്റെ വിലയിരുത്തല്‍.
2014 ല്‍ തുറന്ന ദോഹ, ഹമദ് എയര്‍പോര്‍ട്ട് കാലികമായ മാറ്റങ്ങളോടെ ഏറ്റവും മികച്ച സൗകര്യങ്ങളിലേക്കാണ് ഓരോ വര്‍ഷവും മാറിയത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഹമദ് എര്‍പോര്‍ട്ട് ഇത്തവണ ചാംഗി എയര്‍പോര്‍ട്ടിനെ മൂന്നാമതാക്കി ഒന്നാം സ്ഥാനം ഉറപ്പിച്ചു.
ടോക്കിയോയിലെ ഹാനഡ എയര്‍പോര്‍ട്ടാണ് രണ്ടാമതെത്തിയത്. മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബേന്‍ എന്നിവയാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച മൂന്ന് വിമാനത്താവളങ്ങള്‍. ഇവ സ്‌കൈട്രാക്സ് ലിസ്റ്റില്‍ യഥാക്രമം 22, 28, 32 സ്ഥാനങ്ങളില്‍ എത്തി. ഇതാ ലോകത്തെ ഏറ്റവും മികച്ച എര്‍പോര്‍ട്ടുകളുടെ പട്ടിക കാണാം.
1. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് - ഖത്തര്‍ (കഴിഞ്ഞ വര്‍ഷം 3)
2. ടോക്കിയോ ഹാനഡ - ജപ്പാന്‍ (2)
3. സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് (1)
4. സോള്‍ ഇന്റേണ്‍ - കൊറിയ ( 4)
5. ടോക്കിയോ നരീറ്റാ- ജപ്പാന്‍ (7)
6. മ്യൂണിക് - ജര്‍മനി (5)
7. സ്യൂറക് - സ്വിറ്റ്സര്‍ലാന്‍ഡ് (11)
8. ലണ്ടന്‍ ഹീത്രൂ- യുകെ (12)
9. കാന്‍സായ് - ജപ്പാന്‍ (10)
10. ഹോംഗ് കോംഗ് (6)