ടിക്ക് ടോക്കിലെ 60 ലക്ഷം ഇന്ത്യന്‍ വീഡിയോകള്‍ നീക്കം ചെയ്‌തെന്ന് കമ്പനി; വന്‍ വിപണിയായ ഇന്ത്യയെ മുറുകെ പിടിക്കാന്‍ 690 കോടിയുടെ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാനുറച്ച് ബൈറ്റ് ഡാന്‍സ്; വീഡിയോ നീക്കിയത് അശ്ശീല ഉള്ളടം ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം തുടര്‍ന്നതോടെ

July 23, 2019 |
|
News

                  ടിക്ക് ടോക്കിലെ 60 ലക്ഷം ഇന്ത്യന്‍ വീഡിയോകള്‍ നീക്കം ചെയ്‌തെന്ന് കമ്പനി; വന്‍ വിപണിയായ ഇന്ത്യയെ മുറുകെ പിടിക്കാന്‍ 690 കോടിയുടെ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാനുറച്ച് ബൈറ്റ് ഡാന്‍സ്; വീഡിയോ നീക്കിയത് അശ്ശീല ഉള്ളടം ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം തുടര്‍ന്നതോടെ

ഡല്‍ഹി: ഏതാനും നാളുകള്‍ കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധ കവര്‍ന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ വേരോടിക്കാനുള്ള എല്ലാ ശ്രമങ്ങളും ഊര്‍ജിതമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി 690 കോടി രൂപ മുടക്കുമെന്ന് ടിക്ക് ടോക്ക് ആപ്പ് നിര്‍മ്മിച്ച ബൈറ്റ്ഡാന്‍സ് കമ്പനി അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ ഷൂട്ട് ചെയ്ത 60 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്‌തെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ടിക്ക് ടോക്കില്‍ അശ്ശീല ഉള്ളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം തുടരുന്ന വേളയിലാണ് കമ്പനിയുടെ പുത്തന്‍ നീക്കം.

നിലവില്‍ ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. 100 മില്യണ്‍ ഡോളര്‍ (690 കോടി) രൂപ മുടക്കി ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നാണ് 'ആപ്പ് ഭീമന്‍' കഴിഞ്ഞ ദിവസം അറിയിച്ചത്.. മാത്രമല്ല വരുന്ന മൂന്ന് വര്‍ഷത്തിനകം ഇന്ത്യയില്‍ 6900 കോടി നിക്ഷേപിക്കുമെന്നും ടിക്ക് ടോക്കിന്റെ മാതൃ സ്ഥാപനമായ ബൈറ്റ് ഡാന്‍സ് അറിയിച്ചു.

ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് ഹെലോ എന്നീ ആപ്പകളുടെ വിവരശേഖരണം എപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ ചോദ്യാവലി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പുത്തന്‍ നീക്കം.  സ്വകാര്യ വിവര പരിരക്ഷണ ബില്ലിന് പകരമായി സര്‍ക്കാരിന്റെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള നീക്കമാണിതെന്നാണ് നിഗമനം. ഈ  വര്‍ഷം തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

'സ്വകാര്യ വിവര പരിരക്ഷണ നിയമം നടപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബൈറ്റ്ഡാന്‍സ് അംഗീകരിച്ചതിന്റെ സാക്ഷ്യപത്രമെന്ന നിലയില്‍, ഇന്ത്യയില്‍ ഒരു ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതില്‍ ഞങ്ങള്‍ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് നടത്തുന്ന'തെന്നാണ് ബൈറ്റ് ഡാന്‍സ് വ്യക്തമാക്കിയത്.  രാജ്യത്തെ ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംഭരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ടിക് ടോക്കിന്റെയും ഹലോയുടെയും ഓപ്പറേറ്റര്‍മാരില്‍ നിന്ന് പ്രതികരണം തേടിയിരുന്നു.

മാത്രമല്ല 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ അപകടകരമായ ഉള്ളടക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെ പറ്റിയും കമ്പനിയോട് വിശദീകരണം തേടിയിരുന്നു. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യ, ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയാണ്. എന്നാല്‍ അശ്ശീല ഉള്ളക്കം ഉണ്ടെന്നതടക്കം കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിക്കെതിരെ നിരവധി വിവാദങ്ങള്‍ ഉയരുകയായിരുന്നു. 

Related Articles

© 2025 Financial Views. All Rights Reserved