ഇതു വരെയായിട്ടും പാന്‍ കാര്‍ഡ് കിട്ടിയില്ലേ ? ആദായ നികുതി വകുപ്പിന്റെ പുത്തന്‍ പദ്ധതിയായ ഇ-പാന്‍ കാര്‍ഡിനെ പറ്റി അറിയാം; കുറഞ്ഞ സമയത്തിനുള്ളില്‍ പാന്‍ കാര്‍ഡ് കിട്ടാനുള്ള മാര്‍ഗമിതാ

July 20, 2019 |
|
News

                  ഇതു വരെയായിട്ടും പാന്‍ കാര്‍ഡ് കിട്ടിയില്ലേ ? ആദായ നികുതി വകുപ്പിന്റെ പുത്തന്‍ പദ്ധതിയായ ഇ-പാന്‍ കാര്‍ഡിനെ പറ്റി അറിയാം;  കുറഞ്ഞ സമയത്തിനുള്ളില്‍ പാന്‍ കാര്‍ഡ് കിട്ടാനുള്ള മാര്‍ഗമിതാ

പാന്‍ കാര്‍ഡ് അഥവാ പെന്‍മനെന്റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡിന്റെ പ്രാധാനം ഇപ്പോള്‍ ആര്‍ക്കും പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ല. എന്നാല്‍ പാനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പലാക്കിയിരിക്കുന്ന പ്രധാന നീക്കങ്ങള്‍ ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രാജ്യത്തെ നികുതി വെട്ടിപ്പിനെ വരുതിയിലാക്കാന്‍ ആദായ നികുതി വകുപ്പ് മുന്നോട്ട് വച്ച ആശയമായിരുന്നു പാന്‍ കാര്‍ഡ് അഥവാ പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡ് എന്നത്.

രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്പ്പായിരുന്നു പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യയാണ് പാന്‍. അതായത് ഒരു പാന്‍ സീരിയല്‍ നമ്പറില്‍ രാജ്യത്ത് ഒരോറ്റ കാര്‍ഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികള്‍ക്ക് നല്‍കുന്ന നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡിനെയാണ് പാന്‍ കാര്‍ഡ് എന്ന് വിളിക്കുന്നത്.

കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാന്‍ വ്യവസ്ഥകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കില്‍, അതായത് ആദായ നികുതി അടയ്ക്കാന്‍ വേണ്ട പരിധിക്കുള്ളിലാണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും പാന്‍കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാണ്.

പ്ലാസ്റ്റിക്ക് മെറ്റീരിയലില്‍ തീര്‍ത്ത എടിഎം കാര്‍ഡിന് സമാനമായ ഒന്നാണ് പാന്‍ കാര്‍ഡ് എന്ന് പറയുന്നത്. ഇതില്‍ കാര്‍ഡ് ഉടമയുടെ പേര്, ് ഉടമയുടെ അച്ഛന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, കാര്‍ഡ് അനുവദിച്ച തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാത്രം നമുക്ക് കാര്‍ഡില്‍ നേരിട്ട് കാണാന്‍ സാധിക്കില്ല.

പാന്‍ കാര്‍ഡ് എന്നാല്‍ വലിയ വരുമാനം ഉള്ളവര്‍ക്ക് വേണ്ടി മാത്രമാണ് എന്നത് ഒരു മിഥ്യാ ധാരണയാണ്. രാഷ്ട്രത്തിന് നികുതി വെട്ടിപ്പില്‍ നിന്നും പൂര്‍ണ്ണമായി വിടുതല്‍ വേണമെങ്കില്‍ പാന്‍ കാര്‍ഡ് എല്ലാവരും സ്വന്തമാക്കിയേ പറ്റൂ എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. സാധാരണക്കാരനായ ഒരാള്‍ക്ക് നിത്യ ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ പാന്‍കാര്‍ഡ് കൂടിയേ തീരൂ. പാന്‍ കാര്‍ഡ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് പുത്തന്‍ ചുവടു വെപ്പുമായി ആദായ നികുത വകുപ്പ് രംഗത്തെത്തിയിരുന്നു. പാനിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഇ-പാന്‍ കാര്‍ഡ് നല്‍കുന്ന രീതിയാകും ഇനി ആദായ നികുതി വകുപ്പ് നടപ്പിലാക്കുക. ഇ-പാന്‍ തത്സമയം അല്ലെങ്കില്‍ പരമാവധി 10 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന പാന്‍ / ടാന്‍ പ്രോസസ്സിംഗ് സെന്റര്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോക്സഭയില്‍ അറിയിച്ചിരുന്നു. 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് 2018 ഡിസംബറില്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഇ-പാന്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. ഇലക്ട്രോണിക് പാന്‍ കാര്‍ഡ് (ഇ-പാന്‍) ഇ-കെവൈസി ഉപയോഗിച്ച് ആദായനികുതി വകുപ്പ് ഇലക്ട്രോണിക് ഫോര്‍മാറ്റിലാണ് നല്‍കുക. അപേക്ഷകരുടെ ഇ-മെയില്‍ വഴി അയയ്ക്കുന്ന ഇ-പാന്‍ ഡിജിറ്റലായി ഒപ്പിട്ട രേഖയാണ്. മറ്റ് ഏജന്‍സികളിലും ഇലക്ട്രോണിക് രീതിയില്‍ ഐഡന്റിറ്റിയുടെ തെളിവായി ഇ-പാന്‍ കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണ്.

സാധുവായ ആധാര്‍ കാര്‍ഡ് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഇ-പാന്‍ സേവനം ലഭിക്കുക. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ- കെവൈസി റൂട്ടിലൂടെ അപേക്ഷിക്കുന്നവര്‍ക്കാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭിക്കുക. നികുതിദായകരുടെ സൗകര്യത്തിന് അനുസരിച്ച് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. അതായത് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആധാര്‍ നമ്പര്‍ കാര്‍ഡ് കാണിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. 

പുതിയ നിയമം അനുസരിച്ച്, ആദായ നികുതി വകുപ്പ് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പാന്‍ കാര്‍ഡ് നല്‍കുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യില്‍ നിന്ന് ഡെമോഗ്രാഫിക് ഡാറ്റ നേടിയ ശേഷം ആധാറിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പാന്‍ അനുവദിക്കും. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നവര്‍ക്ക് മാത്രമേ ആധാറിന് പകരം പാന്‍ കാര്‍ഡും പാന്‍ കാര്‍ഡിന് പകരം ആധാറും ഉപയോഗിക്കാന്‍ സാധിക്കൂ.

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മാത്രല്ല ഇത് നിയമ വിരുദ്ധവുമാണ്. ബാങ്ക് അക്കൗണ്ടുകള്‍ പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പാന്‍ കാര്‍ഡിന് അപേക്ഷിച്ച ശേഷം ഉപയോഗം കഴിഞ്ഞുവെന്നാണ് പലരുടേയും ധാരണ. നിരവധി തവണ പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് ആളുകളില്‍ നിന്നും പണം കൈക്കലാക്കാന്‍ വേണ്ടി തട്ടിപ്പ് കാണിക്കുന്നവരുമുണ്ട്. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ തങ്ങള്‍ കൂടുതലായും ഉപയോഗിക്കു കാര്‍ഡ് ഒഴിച്ച് ബാക്കിയെല്ലാം സറണ്ടര്‍ ചെയ്യണം. ഇല്ലെങ്കില്‍ 10,000 രൂപ പിഴ ശിക്ഷ അടക്കമുള്ള കാര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Related Articles

© 2025 Financial Views. All Rights Reserved