കേരള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി; ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ തന്നെ

May 08, 2021 |
|
News

                  കേരള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി;  ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ തന്നെ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ തന്നെ ആയിരിക്കും. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതല്‍ 245 രൂപ വരെയാണെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയാണ് സര്‍ക്കാര്‍ കുറച്ചത്. ഇതില്‍ ലാബ് ഉടമകള്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. വിപണി നിരക്കനുസരിച്ച് കോവിഡ് ടെസ്റ്റിന് വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവ് വരുന്നതെന്ന് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

എന്നാല്‍ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് പരിശോധന ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും പറഞ്ഞാണ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ രംഗത്ത് എത്തിയത്. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ലാബ് ഉടമകളുടെ ആവശ്യം. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved