എടിഎം ഇനി വീടിന് മുമ്പിലെത്തും; ചലിക്കുന്ന എടിഎമ്മുകളുമായി എച്ച്ഡിഎഫ്സി ബാങ്ക്; ലോക്ക്ഡൗൺ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പുതിയ സംരംഭം

April 09, 2020 |
|
News

                  എടിഎം ഇനി വീടിന് മുമ്പിലെത്തും; ചലിക്കുന്ന എടിഎമ്മുകളുമായി എച്ച്ഡിഎഫ്സി ബാങ്ക്; ലോക്ക്ഡൗൺ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പുതിയ സംരംഭം

മുംബൈ: ലോക്ക്ഡൗൺ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പുതിയ സംരംഭവുമായി എച്ച്ഡിഎഫ്സി ബാങ്ക്. പണം പിൻവലിക്കാൻ ഉപഭോക്താക്കൾക്ക് ഇനി എടിഎം കൌണ്ടറുകളിലേയ്ക്ക് പോകേണ്ട. പകരം മൊബൈൽ എടിഎമ്മുകൾ അഥവാ ചലിക്കുന്ന എടിഎമ്മുകൾ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. എടിഎം വഹിക്കുന്ന മൊബൈൽ വാൻ മുംബൈയിലും നോയിഡയിലും വിജയകരമായി ആരംഭിച്ചു. ഉടൻ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്.

എടിഎമ്മുമായി പോകേണ്ട സ്ഥലങ്ങൾ അതത് നഗരങ്ങളിലെ പ്രാദേശിക മുനിസിപ്പൽ അധികൃതരുമായി കൂടിയാലോചിച്ച് കണ്ടെത്തുമെന്ന് ബാങ്ക് സൂചിപ്പിച്ചു. മുംബൈയിൽ, പണത്തിന്റെ ലഭ്യത ഉറപ്പാക്കി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ചാണ് മൊബൈൽ എടിഎം ഓരോ ദിവസവും ഓരോ റൂട്ടിൽ സഞ്ചരിക്കുന്നത്. ഓരോ സ്ഥലത്തും ഒരു നിശ്ചിത സമയം മൊബൈൽ എടിഎമ്മുകൾ തുറക്കും. മൊബൈൽ എടിഎം ഒരു ദിവസം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 3 മുതൽ 5 സ്റ്റോപ്പുകളിൽ പ്രവർത്തിക്കും.

നിലവിലെ പ്രതിസന്ധി സമയത്ത് എല്ലാവരെയും സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് നാം ഒരുമിച്ച് നിൽക്കുമ്പോൾ മൊബൈൽ എടിഎം സൗകര്യങ്ങൾ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും എളുപ്പത്തിൽ പണം പിൻവലിക്കാൻ സഹായിക്കുമെന്നും ഗ്രൂപ്പ് ഹെഡ് ആയ എസ് സമ്പത്ത്കുമാർ പറഞ്ഞു. എടിഎമ്മിൽ ക്യൂവിലായിരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ആവശ്യമായ ശുചിത്വം പാലിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.

ഈ മൊബൈൽ എടിഎമ്മുകളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് ഉപഭോക്തൃ സേവനങ്ങൾക്ക് യാതൊരു തടസ്സവും കൂടാതെ എല്ലാ ശാഖകളും തുറന്നിടാനായി ബാങ്കുകളുടെ മേധാവികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ബ്രാഞ്ച്, എടിഎം എന്നിവിടങ്ങളിൽ ആവശ്യത്തിന് പണലഭ്യത നിലനിർത്താനും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 14 വരെയുള്ള 21 ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, അത്യാവശ്യ സേവനങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യമേഖല ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങൾ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved