
രാജ്യത്തെ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 100 മില്യണ്‍ ഡോളറിന്റെ വായ്പാ സഹായം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി. മാസ്റ്റര്‍കാര്‍ഡ്, യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്സി), യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് (യുഎസ്എഐഡി) എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക.
കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ പുറത്തുകടക്കാന്‍ സംരംഭകരെ സഹായിക്കുകയാണ് ലക്ഷ്യം. നിലിവിലുള്ള ബിസിനസ് നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ഡിജിറ്റലൈസേഷനും ആണ് തുക അനുവദിക്കുക. വായ്പകളുടെ 50 ശതമാനവും വനിതാ സംരംഭകര്‍ക്കായിരിക്കും. പുതുതായി വായ്പ എടുക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. എച്ച്ഡിഎഫ്സി ശാഖകള്‍ വഴിയായിരിക്കും വായ്പ വിതരണം.
പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് മാസ്റ്റര്‍കാര്‍ഡ് ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കും. രാജ്യത്തെ എംഎസ്എംഇകളെ സഹായിക്കാനായി 33 ബില്യണ്‍ ഡോളറാണ് മാസ്റ്റര്‍കാര്‍ഡ് ചെലവഴിക്കുക. ഇന്ത്യയിലെ ഭൂരിഭാഗം സംരംഭങ്ങളും എംഎസ്എംഇയുടെ കീഴിലാണ് വരുന്നത്. ആറരക്കോടിയിലധികം വരുന്ന ചെറുകിട സംരംഭങ്ങള്‍ എല്ലാം ചേര്‍ന്ന് ജിഡിപിയുടെ 30 ശതമാനത്തോളം ആണ സംഭാവന ചെയ്യുന്നത്.