
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പദാതാവായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 2020 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 18.4 ശതമാനം ഉയര്‍ന്ന് 7,513.1 കോടി രൂപയായി. പലിശ വരുമാനത്തിലും മറ്റ് വരുമാനത്തിലും ഗണ്യമായ വളര്‍ച്ചയാണുണ്ടായത്.
2019 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 6,344.9 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്ത് നിന്നാണ് ഈ വളര്‍ച്ച. 2020 ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ 6,658.6 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത്.
വെള്ളിയാഴ്ച (2020 ഒക്ടോബര്‍ 16) ബിഎസ്ഇയില്‍ ബാങ്കിന്റെ ഓഹരി 2.55 ശതമാനം ഉയര്‍ന്ന് 1,199 രൂപയായി. അറ്റ പലിശ വരുമാനം (എന്‍ ഐ ഐ) വര്‍ഷികാടിസ്ഥാനത്തില്‍ 16.7 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 13,515 കോടി രൂപയില്‍ നിന്ന് 15,774.4 കോടി രൂപയായി അറ്റ പലിശ വരുമാനം ഉയര്‍ന്നു. ഫീസും കമ്മീഷനും അടങ്ങുന്ന മറ്റ് വരുമാനം 27.9 ശതമാനം ഉയര്‍ന്ന് 6,092 കോടി രൂപയിലെത്തി.