
ബാങ്ക് മേധാവികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം ശമ്പളം പറ്റിയത് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരി. അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൂടി 38 ശതമാനം വര്‍ധിച്ച് 2019-20 സാമ്പത്തിക വര്‍ഷം 18.92 കോടി രൂപയായി. അതായത്, ഒരു മാസം ഏതാണ്ട് ഒന്നര കോടിയിലേറെ രൂപ.
ഇതിന് പുറമെ, സ്റ്റോക്ക് ഓപ്ഷന്‍ പദ്ധതി പ്രകാരം കിട്ടിയ ഓഹരികളുടെ കൈമാറ്റത്തിലൂടെ 161.56 കോടി രൂപയും നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കിനെ വളര്‍ത്തിയത് അദ്ദേഹമാണ്.
70 വയസ്സ് തികയുന്നതിനെ തുടര്‍ന്ന്, വരുന്ന ഒക്ടോബറില്‍ അദ്ദേഹം സ്ഥാനമൊഴിയും. ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് ബക്ഷിക്ക് കഴിഞ്ഞവര്‍ഷം കിട്ടിയ പ്രതിഫലം 6.31 കോടി രൂപയാണ്.