
സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്എസ്) പ്രകാരം ആദ്യമായി വീട് വാങ്ങുന്ന 2 ലക്ഷത്തിലധികം പേര്‍ക്ക് 47,000 കോടി രൂപയിലധികം ഭവന വായ്പയ്ക്ക് അംഗീകാരം നല്‍കിയതായി ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് 4,700 കോടിയിലധികം രൂപ പലിശ സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് എച്ച്ഡിഎഫ്‌സി അറിയിച്ചു.
സാമ്പത്തികമായി ദുര്‍ബലമായ വിഭാഗം (ഇഡബ്ല്യുഎസ്), ലോ ഇന്‍കം ഗ്രൂപ്പ് (എല്‍ഐജി), മിഡില്‍ ഇന്‍കം ഗ്രൂപ്പുകള്‍ (എംഐജി) എന്നിവയില്‍പ്പെട്ട 2 ലക്ഷത്തിലധികം പേര്‍ക്കാണ് സിഎല്‍എസ്എസിന് കീഴില്‍ 47,000 കോടിയിലധികം ഭവന വായ്പ അനുവദിച്ചതെന്ന് എച്ച്ഡിഎഫ്സി പ്രസ്താവനയില്‍ പറഞ്ഞു. 2 ലക്ഷം പേര്‍ക്ക് 4,700 കോടിയിലധികം രൂപ പിഎംഎവൈക്ക് കീഴിലുള്ള സബ്സിഡി കൈമാറി, ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏക ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്സി മാറിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
'എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം' എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഭവന, നഗരകാര്യ മന്ത്രാലയവും ദേശീയ ഭവന ബാങ്കും (എന്‍എച്ച്ബി) പങ്കാളിത്തതോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2015 മുതല്‍ വിവിധ വരുമാന വിഭാഗങ്ങളില്‍പെട്ട അപേക്ഷകരെ സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതി സഹായിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും സ്വന്തമായി ഒരു വീട് ഉണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രേണു സുദ് കര്‍ണാട് പറഞ്ഞു.
കൊവിഡ്-19 പ്രതിസന്ധി കാരണം, റിയല്‍ എസ്റ്റേറ്റ് മേഖല ഉള്‍പ്പെടെ നിരവധി മേഖലകളെ ബാധിച്ചതിനാലും ലോക്ക്‌ഡൌണില്‍ നിന്ന് സമ്പദ്വ്യവസ്ഥ ഉയര്‍ന്നുവരുന്നതിനാലും സമ്പദ്വ്യവസ്ഥയിലുള്ള ആത്മവിശ്വാസം പുന: സ്ഥാപിക്കുന്നതിനാലും ഭവന ആവശ്യകത ക്രമേണ ഉയരുമെന്ന് കരുതുന്നതായും കര്‍ണാട് പറഞ്ഞു. വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള പ്രവണത കൂടുന്നതിനൊപ്പം വീടുകളുടെ ആവശ്യവും ഉയരുമെന്ന് കര്‍ണാട് പറഞ്ഞു.
സെമിനാറുകള്‍, അവതരണങ്ങള്‍, കൗണ്‍സിലിംഗ് സെഷനുകള്‍ എന്നിവ നടത്തി സിഎല്‍എസ്എസിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എച്ച്ഡിഎഫ്‌സി അറിയിച്ചു. ഇഡബ്ല്യുഎസ്, എല്‍ഐജി വിഭാഗങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്കുള്ള ഭവന വായ്പയ്ക്കായി പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്എസ്) 2015 ജൂണിലാണ് അവതരിപ്പിച്ചത്. ഇത് 2017 ജനുവരി മുതല്‍ എംഐജിയിലേക്ക് നീട്ടി.
സ്‌കീം അനുസരിച്ച്, വായ്പക്കാര്‍ക്ക് പ്രതിവര്‍ഷം 6.5 ശതമാനം പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്. ഇഡബ്ല്യുഎസ്, എല്‍ഐജി വിഭാഗങ്ങള്‍ക്ക് 6 ലക്ഷം വരെ വായ്പ ലഭിക്കും. എംഐജി 1 വിഭാഗത്തിന് 9 ലക്ഷം രൂപ വരെ വായ്പയ്ക്ക് 4% പലിശ സബ്സിഡിയും എംഐജി 2 വിഭാഗത്തിന് 12 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ്സിഡിയും ലഭിക്കും. പരമാവധി 20 വര്‍ഷത്തേക്കാണ് വായ്പ ലഭിക്കുക. എംഐജി വിഭാഗങ്ങള്‍ക്കായുള്ള സ്‌കീം 2021 മാര്‍ച്ച് 31 വരെ നീട്ടി, ഇഡബ്ല്യുഎസ് / എല്‍ഐജി വിഭാഗത്തില്‍ അപേക്ഷിക്കാന്‍ 2022 മാര്‍ച്ച് 31 വരെ സാധുതയുണ്ട്.