എച്ച്ഡിഎഫ്സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് കൈമാറുന്നു

April 20, 2022 |
|
News

                  എച്ച്ഡിഎഫ്സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് കൈമാറുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാക്കളായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സിന്റെ ഓഹരി വില്‍ക്കുന്നു. മൂലധനത്തിന്റെ 10 ശതമാനം അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അഫിലിയേറ്റിന് വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. ഏകദേശം 184 കോടി രൂപയുടെ ഇടപാടാണിത്.

സ്വകാര്യ ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ 1,840 കോടി രൂപ മൂല്യമുള്ള ഓഹരി വില്‍പ്പനയ്ക്ക് ശേഷം ബാക്കിയുള്ള 90 ശതമാനം ഓഹരിയും എച്ച്ഡിഎഫ്സി കൈവശം വയ്ക്കുന്നത് തുടരും. എമിറേറ്റ് ഓഫ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ നിയന്ത്രിക്കുന്ന ഇതര നിക്ഷേപ ഫണ്ടുകളിലെ പ്രാഥമിക നിക്ഷേപകന്‍ കൂടിയാണ്.

2016-ല്‍ സ്ഥാപിതമായ എച്ച്ഡിഎഫ്സി ക്യാപിറ്റല്‍, എച്ച്ഡിഎഫ്സി കാപ്പിറ്റല്‍ റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ 1, 2, 3 എന്നിവയുടെ ഇന്‍വെസ്റ്റ്മെന്റ് മാനേജരാണ്. കൂടാതെ ഭവന വിതരണം വര്‍ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ആവാസ് യോജന - 'എല്ലാവര്‍ക്കും ഭവനം' എന്ന സംരംഭത്തെ പിന്തുണയ്ക്കാനുമുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ലക്ഷ്യവുമായി കൈകോര്‍ത്തിട്ടുമുണ്ട്.

ആറ് വര്‍ഷം മുമ്പ്, ഇന്ത്യയില്‍ താങ്ങാനാവുന്ന വീടുകളുടെ വിതരണം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ 'എല്ലാവര്‍ക്കും വീട്' എന്ന ലക്ഷ്യവുമായി സമന്വയിപ്പിച്ച് മുന്നേറുക എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ സ്ഥാപിച്ചത്. എഡിഐഎ പോലുള്ള ആഗോള നിക്ഷേപകരുടെ പിന്തുണയോടെ, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ ഈ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ധനസഹായ പ്ലാറ്റ്ഫോമുകളില്‍ ഒന്നായി വളര്‍ന്നുവെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.

പരേഖ് പറയുന്നതനുസരിച്ച്, എഡിഐഎയുടെ ഈ നിക്ഷേപം, സോവറിന്‍ ഫണ്ടിന്റെ ആഗോള വൈദഗ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താന്‍ എച്ച്ഡിഎഫ്സി ക്യാപിറ്റലിനെ പ്രാപ്തമാക്കും. റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി ഇക്കോസിസ്റ്റം എന്നിവയിലെ ആഗോള, പ്രാദേശിക നിക്ഷേപകര്‍ക്ക് ഒരു പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമായി മാറുന്നതിന് എച്ച്ഡിഎഫ്സി ക്യാപിറ്റലിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ 3 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നു. അത് താങ്ങാനാവുന്ന ഭവന വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ പ്ലാറ്റ്ഫോമുകളിലൊന്നായി അടുത്തിടെ റേറ്റുചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved