
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സിയില്‍ ലയിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലയനമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കിയതായും റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകള്‍ എച്ച്ഡിഎഫ്സിയുടെ 25 ഷെയറുകള്‍ക്കു തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഓഡിറ്റ് കമ്മിറ്റി ശുപാര്‍ശകളുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെ സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം.
2021 ഡിസംബര്‍ 31 വരെ എച്ച്ഡിഎഫ്സിക്ക് മൊത്തം ആസ്തി 6,23,420.03 കോടി രൂപയും വിറ്റുവരവ് 35,681.74 കോടി രൂപയും അറ്റ ആസ്തി 1,15,400.48 കോടി രൂപയുമാണ്. മറുവശത്ത്, എച്ച്ഡിഎഫ്സി ബാങ്കിന് ആകെ ആസ്തി 19,38,285.95 കോടി രൂപയാണ്. 2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസത്തെ വിറ്റുവരവ് (മറ്റ് വരുമാനം ഉള്‍പ്പെടെ) 1,16,177.23 കോടി രൂപയും, 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് മൊത്ത മൂല്യം 2,23,394.00 കോടി രൂപയുമാണ്.
നിര്‍ദ്ദിഷ്ട ഇടപാട്, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭവന വായ്പാ പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാനും നിലവിലുള്ള ഉപഭോക്തൃ അടിത്തറ വര്‍ദ്ധിപ്പിക്കാനും പ്രാപ്തമാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് പറഞ്ഞു. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സംയോജനം 6.8 കോടി ഉപഭോക്താക്കളുടെ വലിയ അടിത്തറയുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യനിര്‍ണ്ണയം വര്‍ദ്ധിപ്പിക്കുമെന്ന് ബാങ്കിംഗ് വിദഗ്ധര്‍ കരുതുന്നു.