
രാജ്യത്തിന് സ്വന്തമായി ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ആരംഭിക്കാന്‍ തയ്യാറെടുത്ത് റിസര്‍വ് ബാങ്ക്. ബിറ്റ് കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ആര്‍ബിഐയുടെ പുതിയ പദ്ധതി. പുതിയ ഡിജിറ്റല്‍ കറന്‍സി പരമ്പരാഗത പണമിടപാടുകള്‍ക്ക് സമാനമായിരിക്കുമെന്നും ക്രിപ്‌റ്റോകറന്‍സികളുടെ ഇടപാടുകളിലുള്ളതുപോലെ ഇടനിലക്കാര്‍ക്കുള്ള പങ്കാളിത്തം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ക്രിപ്‌റ്റോകറന്‍സികള്‍ ട്രേഡ് ചെയ്യുന്ന ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെ എതിര്‍ക്കുന്നില്ലെന്നും, സാങ്കേതിക വിപ്ലവത്തില്‍ പിന്നോട്ട് പോകാന്‍ ആര്‍ബിഐ ആഗ്രഹിക്കുന്നില്ലെന്നും, ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനും സ്വകാര്യകമ്പനികള്‍ക്കും സ്വന്തമായി ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഏകീകൃത പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പോലെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സമാനമായി, സ്വകാര്യ ബ്ലോക്ക് ചെയ്ന്‍ പ്ലാറ്റ്‌ഫോമുകള്‍ റിസര്‍വ് ബാങ്ക് ഇതിനായി സജ്ജമാക്കും. പദ്ധതിയുടെ സാങ്കേതിക മേഖലയെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തെ സമ്പദ്ഘടനയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായി ആര്‍ബിഐ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ക്രിപ്‌റ്റോകറന്‍സികളെ എതിര്‍ത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതായും ആര്‍ബിഐ വിലയിരുത്തുന്നു.
ഇന്ത്യയിലെ എല്ലാ കമ്പനികളോടും ക്രിപ്‌റ്റോകറന്‍സിയിലോ വെര്‍ച്ച്വല്‍ കറന്‍സിയിലോ ഉള്ള ഇടപാടുകള്‍ അവരുടെ വരവുചെലവു രേഖകളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം ഈ മാസം ഭേദഗതി ചെയ്ത കമ്പനി നിയമത്തില്‍ വ്യക്തമാക്കിയിരുന്നു.
പബ്ലിക് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിറ്റ് കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ ഇടപാട് രീതി റിസര്‍വ്ബാങ്ക് പിന്തുടരുകയില്ല. മറിച്ച് ഡിജിറ്റല്‍ കറന്‍സിയുടെ മേല്‍ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. വെര്‍ച്ച്വല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടക്കുന്ന തട്ടിപ്പുകളും,വ്യാജ വല്‍ക്കരണവും തടയാന്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ 2018 ഏപ്രില്‍ മാസം ധനകാര്യസ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ സുപ്രീം കോടതി ഈ ഉത്തരവ് അസാധുവാക്കി. എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ട്രേഡര്‍മാരില്‍ നിന്നും ഇടപാടുകള്‍ക്ക് അനുമതി ലഭിച്ചതോടുകൂടി ഇന്ത്യയില്‍ വെര്‍ച്വല്‍ കറന്‍സി വ്യാപകമായി. പുതിയ നിയമം പാസാക്കുകയാണെങ്കില്‍ ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ പ്രധാന എക്കണോമികളിലോന്നാകും ഇന്ത്യ.
2017 ല്‍ ചൈന ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിച്ച് സ്വന്തം ഡിജിറ്റല്‍ കറന്‍സി രംഗത്തിറക്കിയിരുന്നു. എന്നാല്‍ ലോകത്ത് ബിറ്റ് കോയിന്‍ നിക്ഷേപകരുടെ പിന്തുണയും വിശ്വാസ്യതയും വര്‍ധിക്കുകയാണ്. മാസ്റ്റര്‍കാര്‍ഡും വീസയും അവരുടെ പേയ്മെന്റ് നെറ്റ് വര്‍ക്കില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ ടെസ്ല ബിറ്റ്കോയിനില്‍ വലിയ നിക്ഷേപം നടത്തിയത് ഈയിടെയാണ്.