
ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതികള്‍ റദ്ദാക്കിയതായി കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത 3 മാസത്തിനുള്ളിലാണ് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ആ പദ്ധതികളെല്ലാം റദ്ദാക്കിയതായും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണിതെന്നും മുഞ്ജല്‍ പറഞ്ഞു. ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ഇപ്പോള്‍ ബദല്‍ വിപണികള്‍ തേടി കൊണ്ടിരിക്കുകയാണ്.
ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാമത്. കോണ്ടിനെന്റല്‍ മാര്‍ക്കറ്റിനെ പരിപാലിക്കുന്നതിനായി യൂറോപ്യന്‍ രാജ്യത്ത് ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിള്‍സ് ഒരുങ്ങുന്നുണ്ട്. ലുധിയാനയിലെ ധനന്‍സു ഗ്രാമത്തില്‍ സൈക്കിള്‍ വാലി പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന് ചൈനയുമായി എളുപ്പത്തില്‍ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നിര്‍മാണ വിപണിയില്‍ കമ്പനി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിള്‍സ് പ്ലാന്റിനുപുറമെ, സൈക്കിള്‍ വാലിയില്‍ അനുബന്ധ, വെണ്ടര്‍ യൂണിറ്റുകളും ഉള്‍പ്പെടും.
വര്‍ഷങ്ങളായി ചൈനയെ ആഗോള ഉല്‍പാദന കേന്ദ്രം എന്നാണ് ലോകം വിളിക്കുന്നത്. എന്നാല്‍, കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദേശ കമ്പനികളെല്ലാം ചൈനയില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് തെറ്റാണെന്ന് ചില കമ്പനികളെങ്കിലും മനസിലാക്കിയിരുന്നു.