
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഏഥര്‍ എനര്‍ജിയില്‍ 420 കോടി രൂപ നിക്ഷേപിക്കും. ഒറ്റത്തവണയായോ ഘട്ടംഘട്ടമായോ ആയിരിക്കും നിക്ഷേപം നടത്തുക. രാജ്യത്തെ വളര്‍ന്നു വരുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ പ്രധാനികളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍.
നിലവില്‍ ഏഥറില്‍ 34.8 ശതമാനം ഓഹരി പങ്കാളിത്തമാണ് ഹീറോയ്ക്ക് ഉള്ളത്. പുതിയ നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ പങ്കാളിത്തം കാര്യമായി ഉയരും. 2016ല്‍ ആണ് ഏഥറില്‍ ഹീറോ ആദ്യമായി നിക്ഷേപം നടത്തിയത്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രെച്ചര്‍, ടെക്നോളജി തുടങ്ങയിയ കാര്യങ്ങളില്‍ ഇരു കമ്പനികളും സഹകരിക്കുന്നുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ ആദ്യത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാന്‍ തയ്യാറെക്കുകയാണ് ഹീറോ മോട്ടോര്‍കോര്‍പ്. ഇന്ത്യയിലെയും ജര്‍മനിയിലെയും ഹീറോയുടെ ടെക്ക് സെന്ററുകളില്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. ആന്ധ്രാപ്രദേശിലെ ചീറ്റൂരിലുള്ള ഹീറോയുടെ പ്ലാന്റിലാവും ഇവിയുടെ നിര്‍മാണം. ഒരു ഇവി ഇക്കോ സിസ്റ്റം വികസിപ്പിച്ചെടുക്കാന്‍ എഥറിന് പുറമെ ഗോഗോറോ എന്ന തായ് വാനീസ് കമ്പനിയുമായും ഹീറോ സഹകരിക്കുന്നുണ്ട്.