
കോവിഡ് സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച ഓട്ടോമൊബൈല്‍ മേഖല ക്രമേണ കരകയറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. പ്രതിമാസ വാഹന വില്‍പ്പനയില്‍ ഉണര്‍വ് രേഖപ്പെടുത്തുമ്പോള്‍ എക്കാലത്തെയും റെക്കോര്‍ഡ് വില്‍പ്പന സ്വന്തമാക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്.
ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയായ 8,06,848 യൂണിറ്റ് സെയ്ല്‍സ് കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,14,509 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 35 ശതമാനം വളര്‍ച്ചയാണ് ലോക്ഡൗണിന് ശേഷം ഹീറോ സ്വന്തമാക്കിയിരിക്കുന്നത്.
ആഭ്യന്തര വില്‍പ്പന 34.7 ശതമാനം വര്‍ധിച്ചു. 791,137 യൂണിറ്റ് ആണ് ആഭ്യന്തര വില്‍പ്പന നിരക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 586,998 യൂണിറ്റ് ആണ് വിറ്റത്. മൊത്തം കയറ്റുമതിയില്‍ 28.14 ശതമാനം വളര്‍ച്ചയുണ്ടായി. 15,711 യൂണിറ്റുകളാണ് ഈ കാലയളവില്‍ ഹീറോ കയറ്റുമതി വിഭാഗത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്‌കൂട്ടര്‍ വില്‍പ്പനയും കഴിഞ്ഞ മാസം 74,350 യൂണിറ്റായി ഉയര്‍ന്നു. 59.63 ശതമാനമാണ് ഈ വിഭാഗത്തില്‍ മാത്രം വര്‍ധനവ്. ദീപാവലി സീസണില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും ഹീറോ വാദ്ഗാനം ചെയ്തിരിക്കുന്നു. അതോടൊപ്പം മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെയും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരും എന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.