
ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒന്നാമത് ആയിരുന്നു 2019 ല്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍. 22 ബില്യണ്‍ പൗണ്ട് ആണ് ഹിന്ദുജ സഹോരന്മാരുടെ ആസ്തി. സണ്‍ഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ശ്രിചന്ദ്- ഗോപീചന്ദ് ഹിന്ദുജമാരുടെ സമ്പത്തില്‍ 1.35 ബില്യണ്‍ പൗണ്ടിന്റെ വര്‍ധനയാണ് 2019ല്‍ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ഇതിനു മുന്‍പ് 2014 ലും, 2017ലും ഇവര്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചിരുന്നു. യുകെയിലെ 1000 സമ്പന്നരില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് എക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയാറാക്കുന്നത്. അങ്ങനെ ഇന്ത്യന്‍ ബിസിനസ്സുകാരില്‍ ഒന്നാമന്മാരില്‍ പ്രധാനിയായിരുന്നു ഹിന്ദുജാ ഗ്രൂപ്പ്.
ഈ ഗ്രൂപ്പിലാണ് തര്‍ക്കം ഉണ്ടാകുന്നത്. ഹിന്ദുജ സഹോദരന്മാര്‍ക്കിടയിലെ സ്വത്തുതര്‍ക്കം 83,600 കോടി രൂപ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തെ ഉലയ്ക്കുന്നു. ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവര്‍ 2014ല്‍ ഒപ്പിട്ടതും ഓരോരുത്തരുടെയും സ്വത്തുക്കള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടിയാണ് വിവാദത്തിന് കാരണം. ഈ ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകള്‍ വിനുവും കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിക്കു കാരണം. 2016ലെ തന്റെ വില്‍പത്രം അനുസരിച്ച് സ്വത്തുക്കള്‍ വിഭജിക്കണമെന്നും ശ്രീചന്ദ് താല്‍പര്യപ്പെടുന്നു. ഈ ഉടമ്പടി സ്വകാര്യ കരാറാണോ വില്‍പത്രമാണോ എന്നു വ്യക്തമല്ല. സ്വത്ത് വിഭജനമുണ്ടായാല്‍ ഹിന്ദുജാ ഗ്രൂപ്പ് പലവഴിക്കാകും.
ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനു കാരണമായത്. ശ്രീചന്ദ് തന്റെ മറ്റൊരു മകളായ ഷാനുവിനെ ഹിന്ദുജ ബാങ്ക് ചെയര്‍പഴ്സനായും അവരുടെ മകന്‍ കരമിനെ സിഇഒ ആയും ഈയിടെ നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം. പ്രമുഖ കമ്പനികളായ അശോക് ലെയ്ലാന്‍ഡ്, ഗള്‍ഫ് ഓയില്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഉള്‍പ്പെടെ ഓട്ടോ, ധനകാര്യ സേവനങ്ങള്‍, ഐടി, മാധ്യമങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, ഊര്‍ജം, രാസവസ്തുക്കള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
അവിഭക്ത ഇന്ത്യയിലെ സിന്ധില്‍ (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ജനിച്ച പരമാനന്ദ് ഹിന്ദുജ സ്ഥാപിച്ച ഗ്രൂപ്പ് ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യയിലുമായി പടര്‍ന്നു പന്തലിക്കുകയായിരുന്നു. ശ്രീചന്ദ് (84 വയസ്), ഗോപീചന്ദ് (80), പ്രകാശ് (75), അശോക് (69) എന്നിവരാണു പരമാനന്ദിന്റെ മക്കള്‍. ശ്രീചന്ദാണു ഗ്രൂപ്പ് ചെയര്‍മാന്‍. ഗോപീചന്ദ് സഹചെയര്‍മാനും പ്രകാശ് ഹിന്ദുജ യൂറോപ്പിന്റെ ചെയര്‍മാനും അശോക് ഇന്ത്യയിലെ കന്പനികളുടെ ചെയര്‍മാനുമാണ്. ശ്രീചന്ദ് മറവിരോഗം മൂലം അവശനാണ്. രണ്ടു പുത്രിമാര്‍ മാത്രമുള്ള അദ്ദേഹത്തിന്റെ ഇളയപുത്രി വിനൂ ആണു കോടതിയില്‍ കേസ് നടത്തുന്നത്.
1980 കളില്‍ ഹിന്ദുജ സഹോദരന്മാര്‍ ബൊഫോഴ്സ് കേസില്‍ പെട്ടിരുന്നു. എന്നാല്‍ അവ തെളിയിക്കാനായില്ല. ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ ഹിന്ദുജ ഗ്രൂപ്പിന് 14.34 % ഓഹരിപങ്കാളിത്തമുണ്ട്. സഹോദരന്മാര്‍ പരസ്പരം തങ്ങളുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരായി നിയമിക്കണമെന്നും ആരുടെ പേരിലായാലും സ്വത്തു നാലുപേര്‍ക്കും അവകാശപ്പെട്ടതാണെന്നും ആണു 2014ലെ കരാറില്‍ പറയുന്നത്. ഇതു ശ്രീചന്ദ് അംഗീകരിച്ചതല്ലെന്നും കരാര്‍ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു കേസ്. മറ്റു മൂന്നു സഹോദരന്മാര്‍ ഇതിനെ എതിര്‍ക്കുന്നു. എല്ലാ സ്വത്തും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് അവര്‍ വാദിക്കുന്നു. കുടുംബത്തിലെ പാരന്പര്യം അതാണെന്നും അതു മാറ്റരുതെന്നുമാണ് അവരുടെ നിലപാട്.
സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയര്‍മാനും. ശ്രീചന്ദിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റാന്‍ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്. വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസില്‍ സജീവയാണ്. പല ഗ്രൂപ്പ് കമ്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാല്‍ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളില്‍ സഹോദരന്മാര്‍ക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജബാങ്ക് അടക്കം ഗ്രൂപ്പിന്റെ വമ്പന്‍ ആസ്തികള്‍ പലതും എസ്പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്. ഇത് സ്വന്തമാക്കാന്‍ സഹോദരങ്ങള്‍ നടത്തുന്ന കള്ളക്കളിയാണ് കരാര്‍ എന്നാണ് മകളുടെ നിലപാട്.
ഹിന്ദുജ ഗ്രൂപ്പിന്റെ യഥാര്‍ഥ സമ്പത്ത് കൃത്യമായി വെളിപ്പെട്ടിട്ടില്ല. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വച്ച് 1300 കോടി ഡോളര്‍ (97,500 കോടി രൂപ) ആണു ഫോബ്സ് കണക്കാക്കുന്ന സ്വത്ത്. സ്ഥാവര ആസ്തികള്‍ അടക്കം സണ്‍ഡേ ടൈംസ് കണക്കാക്കുന്നത് 1600 കോടി പൗണ്ട് അഥവാ ഒന്നര ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അശോക് ലെയ്‌ലാന്‍ഡ്, ഹിന്ദുജ നാഷണല്‍ പവര്‍ കോര്‍പറേഷന്‍ തുടങ്ങിയവ ഗ്രൂപ്പില്‍പ്പെട്ടവയാണ്. സിന്ധില്‍നിന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരം നടത്തി വളര്‍ന്ന ഹിന്ദുജ ഗ്രൂപ്പ് 1970കളിലാണു മറ്റു മേഖലകളിലേക്കു വളര്‍ന്നത്.
ലണ്ടന്‍ കോടതി നല്‍കിയ വിധിന്യായത്തിലാണ് യുകെ ആസ്ഥാനമായുള്ള കുടുംബം തമ്മിലുള്ള തര്‍ക്കം വെളിച്ചത്തുവന്നത്. മറ്റ് മൂന്ന് സഹോദരന്മാരായ ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവര്‍ കത്ത് ഉപയോഗിച്ച് ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചുവെന്നും ഇത് ശ്രീചന്ദിന്റെ പേരില്‍ മാത്രമുള്ളതാണെന്നുമാണ് വാദം. കത്തിന് നിയമപരമായ യാതൊരു സാധുതയുമില്ലെന്നും ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിക്കണമെന്നുമാണ് ശ്രീചന്ദും വിനൂവും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ രേഖ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ളതല്ലെന്നും കുടുംബത്തിന്റെ സ്വത്തുക്കള്‍ വേര്‍തിരിക്കണമെന്നും 2016 ല്‍ തന്നെ ശ്രീചന്ദ് നിര്‍ബന്ധിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ധനികരില്‍ ഹിന്ദുജ കുടുംബവും ഉള്‍പ്പെടുന്നു. സമ്പാദ്യത്തിന്റെ സിംഹഭാഗവും ഹിന്ദുജ ഗ്രൂപ്പില്‍ നിന്നാണ്. കമ്പനിക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും 40 ഓളം രാജ്യങ്ങളില്‍ ധനകാര്യ, മാധ്യമ, ആരോഗ്യ സംരക്ഷണ മേഖലകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനി വെബ്‌സൈറ്റ് പറയുന്നു. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക അനുസരിച്ച് കുടുംബത്തിന്റെ സമ്പാദ്യം 11.2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് യൂണിറ്റിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ട്രക്ക് നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് ലിമിറ്റഡിലെ ഓഹരികള്‍ മാര്‍ച്ചില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ഇടിഞ്ഞിരുന്നു.