
മുംബൈ: മുന്‍നിര പൊതുമേഖല എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോള്‍ കോര്‍പ്പറേഷന്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലാഭത്തില്‍ വലിയ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. എന്നാല്‍ ലാഭത്തിലെ സന്തോഷം വരുമാനത്തില്‍ പ്രകടമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലാഭം മൂന്നിരട്ടിയോളം കൂടിയപ്പോള്‍ മൊത്ത വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് സംഭവിച്ചിരിക്കുന്നത്. വരുമാനം കുറയുമ്പോള്‍ എങ്ങനെ ലാഭം കുറഞ്ഞു എന്നാണ് സംശയം. അതിനുള്ള ഉത്തരവും ഇവിടെയുണ്ട്.
2020 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലാഭം 2,355 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ലാഭം 747 കോടി രൂപ മാത്രമായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് ലാഭത്തില്‍ മൂന്ന് മടങ്ങിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്.
ലാഭം കുത്തനെ ഉയര്‍ന്നെങ്കിലും വരുമാനത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഓപ്പറേഷന്‍സ് വരുമാനം 68,659. 2 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് 70,042.2 കോടി രൂപയായിരുന്നു.
ഏണിങ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്സസ്, ഡിപ്രീസിയേഷന്‍ ആന്റ് അമോര്‍ട്ടൈസേഷന്‍ എന്നതിന്റെ ചുരുക്കമാണ് 'എബിറ്റ്ഡ'. നികുതിയും പലിശയും തേയ്മാനവും ഒന്നും കിഴിക്കാതെയുള്ള വരുമാനം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. 2019 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ എബിറ്റ്ഡ 1,155.9 കോടി രൂപായിരുന്നത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 3,301.9 കോടി രൂപയിലാണ് എത്തി നില്‍ക്കുന്നത്.
എബിറ്റ്ഡ മാര്‍ജിനില്‍ ഉണ്ടായത് ഏതാണ്ട് മൂന്ന് ശതമാനത്തിന്റെ വ്യത്യാസമാണ്. 2019 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 1.7 ശതമാനം ആയിരുന്നു 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 4.8 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവും കുറഞ്ഞ ഫിനാന്‍സ് കോസ്റ്റും ആണ് എബിറ്റ്ഡയിലെ ഈ മുന്നേറ്റത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. മൂന്നാം സാമ്പത്തിക പാദത്തിലെ ലാഭക്കണക്കുകള്‍ പുറത്ത് വന്നതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരി വിപണിയിലും നേട്ടം സ്വന്തമാക്കി. മുന്‍ ക്ലോസിങ്ങിനേക്കാള്‍ രണ്ട് ശതമാനം ഉയര്‍ന്ന് 229.45 രൂപയ്ക്കാണ് എച്ച്പിസിഎല്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്.