
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സിറിഞ്ച് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ സിറിഞ്ചസ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസിന്റെ പ്ലാന്റുകള്‍ അടച്ചു പൂട്ടുന്നു. ഹരിയാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഹരിയാനയിലെ ഫരീദാബാദില്‍ 11 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന പ്ലാന്റുകളാണ് അടച്ച് പൂട്ടുന്നത്. രാജ്യത്ത് സിറിഞ്ച് ക്ഷാമം ഉണ്ടാകാന്‍ നടപടി കാരണമായേക്കും എന്നാണ് സൂചന. സൂചികള്‍ക്കും ക്ഷാമം നേരിട്ടേക്കാം. ഇന്ത്യയിലെ മൊത്തം സിറിഞ്ച് ഡിമാന്‍ഡിന്റെ മൂന്നില്‍ രണ്ടും കമ്പനിയാണ് ഉത്പാദിപ്പിച്ചിരുന്നത്.
ഫരീദാബാദിലെ 11 ഏക്കര്‍ സ്ഥലത്ത് കമ്പനിയുടെ നാല് നിര്‍മാണ യൂണിറ്റുകള്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് പ്ലാന്റുകള്‍ ആണ് അടച്ചുപൂട്ടുന്നത്. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പെട്ടെന്നാണ് ഉല്‍പ്പാദനം നിര്‍ത്താനുള്ള തീരുമാനം. കമ്പനിക്ക് രണ്ട് ദിവസത്തില്‍ കൂടുതലുള്ള സ്റ്റോക്കുകള്‍ ഇല്ലെന്നതും വെല്ലുവിളിയാണ് . ഭാവിയേലെ ആവശ്യത്തിനായി രണ്ട് ദിവസത്തേക്ക് സൂക്ഷിച്ചിരിക്കുന്ന ഈ സ്റ്റോക്കില്‍ നിന്ന് സൂചികള്‍ നല്‍കാന്‍ കഴിയില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1.2 കോടി സിറിഞ്ചുകള്‍ ആണ് പ്രതിദിനം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന്. തിങ്കളാഴ്ച മുതല്‍ ഇത് ലഭ്യമാകില്ല. മറ്റൊരു പ്ലാന്റില്‍ നിര്‍മ്മിച്ച 40 ലക്ഷം സിറിഞ്ചുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിറിഞ്ചുകള്‍ക്ക് ഇപ്പോള്‍ ക്ഷാമമുണ്ട്. ഉത്പാദനം നടന്നുകൊണ്ടിരുന്ന യൂണിറ്റുകള്‍ സ്വമേധയാ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനാല്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്ന സ്ഥിതിയാണ്. പ്രതിദിനം 150 ലക്ഷം സൂചികളും പ്രതിദിനം 80 ലക്ഷം സിറിഞ്ചുകളും ആണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്.
പ്ലാന്റുകള്‍ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നതാണ് ആരോപണം. മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അടച്ചൂപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം ഡീസല്‍ ജനറേറ്ററുകള്‍ അല്ല പ്ലാന്റില്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടും പ്ലാന്റ് അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് നാഥ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാനും യൂണിറ്റ് സീല്‍ ചെയ്യാതിരിക്കാനും സ്വമേധയാ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.
അതേസമയം തടസമില്ലാതെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്എംഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് -19 വാക്‌സിനേഷനും മറ്റും ആവശ്യമായ സിറിഞ്ചുകള്‍ ദേശീയ ദുരന്ത നിവാരണ നിയമത്തിനു കീഴിലെ നിര്‍ണ്ണായക മെഡിക്കല്‍ ഉപകരണങ്ങളായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. മറ്റ് ആരോഗ്യ സേവന ദാതാക്കള്‍ക്ക് നല്‍കുന്ന പരിഗണന കമ്പനിക്കും വേണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.